Uncategorized

“ദൈവം നമ്മെ ഉയർത്തും”

ചനം

അപ്പോ. പ്രവൃത്തികള്‍ 25 : 23

“പിറ്റെന്നു അഗ്രിപ്പാവു ബെർന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണ മണ്ഡപത്തിൽ വന്നാറെ ഫെസ്തൊസിന്റെ കല്പനയാൽ പൌലൊസിനെ കൊണ്ടുവന്നു”.

നിരീക്ഷണം

ഈ വചനത്തിൽ നമുക്ക് കാണുവാൻ കഴിയുന്നത് “ഹെരോദാ രാജാവിന്റെ” കൊച്ചു മകനായ അഗ്രിപ്പാ രാജാവിനെയാണ്, കൈസര്യയിലെ ഉന്നത ഉദ്യോഗസ്ഥരെ സന്ദർശിക്കുവാൻ തന്റെ ആഡംബരത്തോടുകൂടെ അഗ്രിപ്പാ രാജാവ് ഈ വിചാരണ മണ്ഡപത്തിൽ വരിക പതിവായിരുന്നു. ആദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് തന്റെ സഹോദരിയായ ബെർന്നീക്കയാണ്.  അവർ തമ്മിൽ അവിഹിതബന്ധം ഉണ്ടായിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.  ഇത്തരത്തിൽ ജീവിക്കുന്നവരുടെ അടുക്കലേക്കാണ് തന്റെ അന്യായത്തെകുറിച്ച് പ്രതിവാദിപ്പാൻ മഹാനായ പൌലോസ് അപ്പോസ്തലനെ കൊണ്ടു വരുന്നത്.

പ്രായോഗികം

ഈ രണ്ടു പേരുടെയും മുത്തച്ഛനാണ് ഹെരോദാവ്. തന്നെ ആരാധിക്കുവാൻ ആയിരകണക്കിനാളുകളെ ഒരേ സമയം ഒരിടത്ത് ഇരുത്തേണ്ടതിനായി വലിയ വേദികള്‍ നിർമ്മിച്ചു.  എന്നാൽ തന്റെ സമകാലികനായ യേശുക്രിസ്തുവിന് വലിയ വേദിള്‍ ഒന്നും നിർമ്മിക്കേണ്ടിവന്നില്ല പകരം ജ്ഞാനികള്‍, വിദ്വാന്മാർ തുടങ്ങിയ അനേകർ യേശുക്രിസ്തുവിനെ ആരാധിക്കുവാൻ നൂറുകണക്കിന് മൈലുകള്‍ സഞ്ചരിച്ച് അവന്റെ അടുക്കൽ വന്നു. ഇന്ന് ലോകത്താകമാനമുളള ജനസംഖ്യയിൽ നല്ലൊരു ശതമാനം ആളുകളും യേശുക്രിസ്തുവിനെ ആരാധിക്കുന്നു. എന്നതുപോലെ അഗ്രിപ്പാ രണ്ടാമന്റെ അടുക്കൽ വിചാരണയ്ക്കായി കൊണ്ടുവന്ന അപ്പോസ്തലനായ പൌലോസ് ആണ് വേദപുസ്തകത്തിലെ പുതിയ നിയമം പകുതിയോളവും എഴുതിയിരിക്കുന്നത്.  നൂറ്റാണ്ടുകളായി കോടിക്കണക്കിനാളുകള്‍ അവ വായിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഹെരോദാവും, അഗ്രിപ്പായും ഒക്കെ തിരശീലയ്ക്ക് പിന്നിൽ പോയ്മറഞ്ഞു അവരെ ഇന്ന് ആരും ഓർക്കുന്നില്ല. എന്നാൽ താഴ്മയോടെ കർത്താവിന്റെ വേലചെയ്ത പൌലോസ് അപ്പോസ്തലനെ ലോകം മുഴുവനും ഉളള ക്രിസ്ത്യാനികള്‍ അറിയുന്നു തന്റെ പഠിപ്പിക്കലുകളിൽ നിന്നും പ്രചോദനം ഉള്‍ക്കെള്ളുന്നു. നാം സ്വയം വലിയവരെന്ന് വിശേഷിപ്പിച്ച് കൈയ്യടി മേടിക്കുവാൻ ശ്രമിക്കാതിരിക്കാം. നമ്മുടെ കാത്താവായ യേശുക്രിസ്തുവിനെപ്പോലെ അപ്പോസ്തലനായ പൌലോസിനെപ്പോലെ നാം തന്നെത്താൻ താഴ്ത്തുന്നു എങ്കിൽ തക്കസമയത്ത് നമ്മെ ഉയർത്തുന്ന ഒരു ദൈവം നമുക്കുണ്ട്.

പ്രാര്‍ത്ഥന

പ്രീയ യേശുവെ,

വിശുദ്ധ പൌലോസ് അപ്പോസ്തലനെപ്പോലെ ആളുകളുടെ കയ്യടിക്കും അംഗീകാരത്തിനും വഴങ്ങാത്ത ഒരു ജീവിതം നയിക്കുവാൻ എന്നെ സമർപ്പിക്കുന്നു. സ്വയം താഴ്ത്തുന്നവരെ തക്ക സമയത്ത് ഉയർത്തുന്ന അങ്ങയുടെ മാറ്റമില്ലാത്ത സ്നേഹത്തിനായി നന്ദി! ആമേൻ