Uncategorized

“അന്ത്യം വരെ വിശ്വസ്തൻ യേശു”

വചനം

യെശയ്യാ 46 : 4

നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.

നിരീക്ഷണം

ബാബിലോണിയൽ രാജാക്കന്മാരുടെ അടിമത്വത്തിൽ കഴിഞ്ഞിരുന്ന തന്റെ ജനത്തോട് യെശയ്യാ പ്രവാചകനിലൂടെ യഹോവയായ ദൈവം അരുളിചെയ്ത വചനമാണിത്. യിസ്രായേൽ ജനം ബാബിലോണിയൻ അടിമത്വത്തിൽ ആയിരുന്നപ്പോൾ അവിടുത്തെ ദൈവങ്ങൾ അവരെ അടിമകളാക്കി നശിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ ഇവിടെ യെശയ്യാ പ്രവാചകൻ യിസ്രായേൽ ജനത്തോട് യഹോവയായ ദൈവം അവരെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല എന്ന് ഉറപ്പുനൽകുന്നു.

പ്രായോഗികം

ഇത് ഒരു മനുഷ്യന്റെ ജീവിതകാലം മുഴുവൻ ഉള്ള വാഗ്ദത്തമാണ്. യെശയ്യാ പ്രവാചകന്റെ കാലം മുതൽ ഇന്ന് നമ്മുടെ കാലം വരെയുള്ള എല്ലാവർക്കും ഇനി ജനിക്കുവാനുള്ളവർക്കും കൂടിയുള്ള വാഗ്ദത്തമാണിത്. വ്യക്തിപരമായി ഇത് നമ്മോടുള്ളതാണ് കാരണം നമ്മുടെ ജീവിത ധൈർഘ്യം എത്രകാലം ആയിരിക്കുന്നുവോ അതുവരെയുള്ള വാഗ്ദത്തമാണിത്. നമ്മുടെ ചെറുപ്പകാലത്തും നമ്മുക്ക് ശക്തിയുള്ള യവ്വനകാലത്തും മാത്രമല്ല വാർദ്ധക്യ കാലം തുടങ്ങുന്ന നരയുള്ളകാലവും നമ്മെ താങ്ങി വഴിനടത്താം എന്നും നിങ്ങൾ തളർന്നപോകുന്ന സാഹചര്യം ഉണ്ടായാൽ ഞാൻ നിങ്ങളെ അതിൽ നിന്നും രക്ഷിക്കാം എന്നും ഈ വചനത്തിലൂടെ ഉറപ്പുനൽകുന്നു. സർവ്വ ജനത്തോടും ഉള്ള ദൈവത്തിന്റെ വാഗ്ദത്തം ആണെങ്കിലും അതിലുപരി ദൈവത്തിന്റെ സ്വന്ത ജനത്തോടുള്ള വാഗ്ദത്തമാണിത്. മറ്റു ദൈവങ്ങൾ, കൂട്ടുകാർ, സ്വന്തം കുടുംബാംഗങ്ങൾ എല്ലാവരും നമ്മെ കൈവിടുന്ന സാഹചര്യം ഉണ്ടാകാം. എന്നാൽ നമ്മുടെ അത്ഭുതവാനും, സ്നേഹവാനും, വിശ്വസ്തനും ആയ രക്ഷകൻ നമ്മെ ഒരിക്കലും കൈവിടുകയില്ല, നമ്മുടെ അന്ത്യം വരെ വിശ്വാസിക്കുവാൻ കൊള്ളാവുന്ന ഒരു ദൈവമാണ് കർത്താവായ യേശുക്രിസ്തു. ഈ വാഗ്ദത്തത്തിൽ വിശ്വസിക്കുന്നവരെ അന്ത്യം വരെ നടത്തുവാൻ കാർത്താവായ യേശുക്രിസ്തു വിശ്വസ്തനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതകാലം മുഴുവൻ എന്നെ നടത്താമെന്ന് വാഗ്ദത്തം നൽകിയ എന്റെ ദൈവത്തിന് നന്ദി. അന്ത്യം വരെ അങ്ങയിൽ ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ