Uncategorized

“അഹങ്കാരം എന്ന പാപം”

വചനം

ന്യായാധിപന്മാർ 20 : 39

യിസ്രായേല്യർ പടയിൽ പിൻവാങ്ങിയപ്പോള്‍ ബെന്യാമീന്യർ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു, മുൻ കഴിഞ്ഞ പടയിലെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു അവർ പറഞ്ഞു.

നിരീക്ഷണം

ഗിബെയയിലെ നീചന്മാരുടെ മ്ലേച്ചതയ്ക്കു പ്രതികാരം ചെയ്യുവാൻ യിസ്രായേൽ ഗോത്രങ്ങള്‍ എല്ലാം ഒത്തുകൂടി. എന്നാൽ ഗിബെയയിൽ പാർത്തിരുന്ന ബെന്യാമീന്യർ യിസ്രായേലിലെ മറ്റ് ഗോത്രങ്ങള്‍ക്കൊപ്പം നിൽക്കുന്നതിനു പകരം ശത്രുക്കളോടൊപ്പം യിസ്രായേലിലെ മറ്റു ഗോത്രങ്ങളോട് യുദ്ധം ചെയ്യുവാൻ പുറപ്പെട്ടു. ആദ്യം തന്നെ യെഹൂദാഗോത്രം അവരെ നേരിടുവാനായി പടയ്ക്കു പുറപ്പെട്ടു എങ്കിലും ആദ്യത്തെ രണ്ടു പ്രാവശ്യവും യിസ്രായേൽ ശക്തമായി പരാജയപ്പെട്ടു. എന്നാൽ, മൂന്നാം പ്രാവശ്യം ദൈവം അവർക്ക് ഒരു പദ്ധതി നൽകി. ദൈവം നൽകിയ പദ്ധതിപ്രകാരം അവർ യുദ്ധം ചെയ്തു അന്ന് യിസ്രായേൽ ജനം ബെന്യാമീൻ ഗോത്രത്തെ പൂർണ്ണമായി നശിപ്പിച്ചു.

പ്രായോഗികം

ബെന്യാമീന്യർ ദൈവസന്നിധിയിൽ പാപം ചെയ്തു അവർക്ക് മനം തിരിയുവാൻ മനസ്സില്ലായിരുന്നു. ഒരു ചെറിയ ഗോത്രമായ തങ്ങള്‍ക്ക് തങ്ങളുടെ സഹോദരങ്ങളായ മറ്റെല്ലാ ഗോത്രങ്ങളെയും യുദ്ധം ചെയ്തു പരാജയപ്പെടുത്തുവാൻ കഴിയുമെന്ന് അവർ അഹങ്കരിച്ചു. യിസ്രായേൽ മക്കള്‍ ആദ്യ രണ്ടു തവണയും പരാജയപ്പെട്ടു. ഓരോ തവണയും പരാജയം ഏറ്റുവാങ്ങുമ്പോള്‍, അവർ ദൈവ മുമ്പാകെ കരഞ്ഞു കൊണ്ട് എന്തുചെയ്യണം എന്ന് ആലോചന ചോദിച്ചു. ബെന്യാമീന്യർ ഒരു വ്യത്യസവും ഇല്ലാതെ ജീവിതത്തിൽ ഒരു മാറ്റവും വരുത്താതെ മുന്നോട്ട് പോയി. യഹോവയായ ദൈവം യിസ്രായേൽ മക്കള്‍ക്ക് നിർദ്ദേശം നൽകി അതിൻ പ്രകാരം യുദ്ധം ചെയ്ത് ബെന്യാമീൻ ഗോത്രത്തെ സംഹരിച്ചുകളഞ്ഞു. ബെന്യാമീൻ ഗോത്രത്തിനുണ്ടായ അഹങ്കാരം എന്ന പാപം അവരെ പരാജയത്തിലേക്ക് നയിച്ചു. ഇന്നും അഹങ്കാരത്തോടെ ജീവിക്കുന്ന ഒരു കൂട്ടത്തെ എല്ലാ സമൂഹത്തിലും നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ കാലക്രമേണ അവർ എല്ലാം താഴ്ത്തപ്പെടും. നമുക്ക് ദൈവവും ദൈവ വചനവുമാണ് ജീവിത്തിന്റെ ആധാരം. അഹങ്കാരം എന്ന പാപത്തിന് നാം ഒരിക്കലും വഴങ്ങരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഇതാ ഞാൻ നിന്റെ വചനത്തിനും വഴികള്‍ക്കുമായി എന്നെ തന്നെ സമർപ്പിക്കുന്നു. ശത്രുവിനോട് പോലും പ്രതികാരം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ വചനത്തെ ആധാരമാക്കി ഞാൻ അഭിമുഖീകരിക്കുന്ന എല്ലാ സാഹചര്യങ്ങളിലും അങ്ങയിലേക്ക് ഞാൻ തിരിയുന്നു. ഒരിക്കലും അഹങ്കാരം എന്ന പാപത്തിനു വഴങ്ങാതെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ