Uncategorized

“പുതിയ സൃഷ്ടി”

വചനം

2 കൊരിന്ത്യർ 5 : 17

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു, പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

നിരീക്ഷണം

ഒരി വ്യക്തി യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനിൽ ആയിതീരുമ്പോള്‍ അവന്റെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത് ലൗകീകമാനദണ്ധങ്ങള്‍ അല്ല മറിച്ച് അവൻ ക്രിസ്തുവിൽ ആരായിരിക്കുന്നു എന്നതിനെ ആസ്പദമാക്കി ആയിരിക്കും. ഇതാണ് ഈ അദ്യായത്തിൽ അപ്പോസ്തലനായ പൌലോസ് ഓർപ്പിക്കുന്ന വിഷയം. ഒരു സ്ത്രീയോ പുരുഷനോ ക്രിസ്തുവിലായാൽ ആ വ്യക്തി ഒരു പുതിയ സൃഷ്ടിയായി മാറുന്നു. പിന്നെയും അപ്പോസ്തലൻ പറയുന്നു “പഴയതു കഴിഞ്ഞുപോയി എല്ലാം പുതുതായി തീർന്നിരിക്കുന്നു”.

പ്രായോഗികം

നാമെല്ലാവരും പുതുമയെ ഇഷ്ടപ്പെടുന്നവരാണ്, വീടിന്റെ നിറം മങ്ങിയാൽ അതിനെ പുതിയ നിറങ്ങള്‍ ചാർത്തി പുതുമയാക്കുന്നു, പുതിയ ജോലി തേടുന്നു, പുതിയ കാർ വാങ്ങുന്നു, പുതിയ വസ്ത്രധാരണ രീതികള്‍ പരീക്ഷിക്കുന്നു തുടങ്ങി എല്ലാറ്റിലും മനുഷ്യൻ പുതുമ നിലനിർത്തുവാൻ ആഗ്രഹിക്കുന്നു.  എന്നാൽ ഇവിടെ അപ്പോസ്തലൻ ഉദ്ദേശിക്കുന്നത് പുറമേയുളള ഒരു പുതുക്കമല്ല പകരം ക്രിസ്തുയേശുവിൽക്കുടെ നമ്മുടെ ജീവിതത്തെ തന്നെ അകവും പുറവും ഒരു പോലെ പുതുക്കുന്ന അനുഭവത്തെയാണ് ഓർപ്പിക്കുന്നത്.  ക്രസ്തുവിനെ തന്റെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ചപ്പോള്‍ പൌലോസ് അപ്പോസ്തലൻ ഒരു പുതിയ സൃഷ്ടിയായി മാറി. പുതിയ സൃഷ്ടിയായ പൌലോസ് യേശുവിനെക്കുറിച്ച് പാടി, യേശുവിനെക്കുറിച്ച് പ്രസംഗിച്ചു, യേശുവിനെക്കുറിച്ച് പഠിപ്പിച്ചു, യേശുവിനാൽ അത്ഭുതങ്ങള്‍ പ്രവർത്തിച്ചു.  തന്റെ ജീവനെക്കാള്‍ വില യേശുക്രിസ്തുവിന്റെ നാമത്തിനും സുവിശേഷവേലയ്ക്കും അപ്പോസ്തലൻ നൽകി.  അപ്പോസ്തലനായ പൌലോസിന്റെ ജീവിതത്തിന്റെ രണ്ടാം പകുതി മുഴുവൻ “പുതിയ സൃഷ്ടിയായി ജീവിച്ചു”.  അത് നമ്മുടെയും ജീവിതത്തിൽ പ്രാവർത്തീകമാക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

മാനവകുലത്തെ പുതുതാക്കാൻ അങ്ങ് സ്വർഗ്ഗം വെടിഞ്ഞ് താണ ഭൂമിയിലേക്ക് ഇറങ്ങി വന്നതിന് നന്ദി പറയുന്നു. അങ്ങ് എന്നെ പതുതാക്കിയതിനാൽ ലോകക്കാരെപ്പോലെ ലക്ഷ്യമില്ലാതെ വിരസതപൂണ്ട് ജീവിക്കേണ്ട ആവശ്യം എനിക്കില്ല എന്നത് ഓർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു. ഓരോ ദിവസവും പുതിയ സൃഷ്ടിയുടെ അനുഭവത്തിൽ പ്രത്യാശയോടെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ