Uncategorized

“നാം ഏതിനായി കാത്തിരിക്കുന്നു?”

വചനം

വിലാപങ്ങള്‍ 3 : 24

യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.  തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.

നിരീക്ഷണം

സംഖ്യാപുസ്തകം 18:20 ൽ ദൈവം അഹരോനോട് പറഞ്ഞത് “യിസ്രായേൽ മക്കളുടെ ഇടയിൽ ഞാൻ തന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു” ഇവിടെ യിരെമ്യാവ് ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച് സ്വയം ഓർമ്മിക്കുന്നു. നമുക്കെല്ലാവർക്കും ജീവിതത്തിൽ അനുഗ്രഹങ്ങള്‍ ആവശ്യമാണ്, അതാണ് നമ്മെ പ്രതീക്ഷിക്കുവാനും കാത്തിരിക്കുവാനും പ്രേരിപ്പിക്കുന്നത്. യിരെമ്യാവ് തന്റെ വിലാപത്തിന്റെ മദ്ധ്യേയും പറയുന്നത് യഹോവേ നീ എന്റെ ഓഹരി ആകയാൽ ഞാൻ നിനക്കായി കാത്തിരിക്കും.  നാം നമ്മോട് തന്നെ ഒന്ന് ചോദിക്കേണം, നാം ഏതിനായി കാത്തിരിക്കുന്നു?

പ്രായോഗീകം

യിരെമ്യാവിനെ കണ്ണീരിന്റെ പ്രവാചകൻ എന്നാണ് അറിയപ്പെടുന്നത്. യിരെമ്യാവ് ഇത്രയും വിലപിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു. തന്റെ സ്വന്തം രാജ്യത്തിന് വരുവാൻ പോകുന്ന കഷ്ടം കണ്ടിട്ടാണ് യിരെമ്യാവ് ദുഃഖിച്ചത്. തന്റെ രാജ്യത്തിലെ ജനങ്ങള്‍ അനേകം വർഷങ്ങള്‍ പ്രവാസികളായി മറ്റുരാജ്യങ്ങളിൽ പോകുന്നത് പ്രവാചകൻ ദർശനത്തിൽ കാണുകയാണ്.  ആ കാര്യങ്ങള്‍ ജനങ്ങളെ അറിയിച്ചിട്ടും ജനങ്ങള്‍ മാനസാന്തരപ്പെടുവാനോ തങ്ങളുടെ തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കുവാനോ തയ്യാറായില്ല.  അവർ ദൈവത്തിനെതിരായി മനം തിരിയുകയും പ്രവാചകന്റെ അരുളപ്പാടുകളെ ഏറ്റെടുക്കാതെയും ഇരുന്നു. എന്നാൽ യിരെമ്യാവ് ദൈവം തന്നെ വിളിച്ചവിളിയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും താൻ നന്നായി മനസ്സിലാക്കിയിരുന്നു. കാരണം യിരെമ്യാവിനെ ദൈവം വിളിച്ചത് വളരെ ചെറുപ്പത്തിൽ ആയിരുന്നു അന്ന് അവൻ ആ വിളി കേട്ട് അനുസരിച്ചപ്പോള്‍ ദൈവം തന്നിലുടെ ചെയ്തകാര്യങ്ങള്‍ യിരെമ്യാവിന് നല്ല ഓർമ്മയുണ്ട് എന്നാൽ ഇന്ന് തന്റെ പ്രാർത്ഥനക്ക് മറുപടി ലഭിക്കാതിരിക്കുമ്പോഴും യിരെമ്യാവ് പറഞ്ഞു എന്റെ പ്രത്യശ യഹോവയിലാണ് അതിന് മാറ്റമില്ല. യിരെമ്യാവിന് പറയുവാനുള്ളത് എനിക്ക് മറ്റാരുമില്ല ഞാൻ യാഹോവയ്ക്കായി കാത്തിരിക്കും അവനാണ് എന്റെ ഓഹരി. പ്രീയ സുഹൃത്തേ താങ്കള്‍ ആരിലാണ് കാത്തിരിക്കുന്നത്? യഹോവയെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിച്ച് ഉറച്ചിരിക്കുവാൻ എനിക്കു കൃപ നൽകുമാറാകേണമേ. എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും നാളുകള്‍ ഉണ്ടെന്നു ഞാൻ അറിയുന്നു. എന്നാൽ ജീവിതത്തിൽ ഏത് നേരവും അങ്ങയെ കാത്തിരിക്കുവാനും അങ്ങയിൽ പ്രത്യാശിക്കുവാനും എന്നെ പ്രാപ്തനാക്കേണമേ. ആമേൻ