Uncategorized

“വചനം നിങ്ങളുടെ ജീവൻ”

വചനം

ആവർത്തനപുസ്തകം 32 : 47

“ഇതു നിങ്ങള്‍ക്കു വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻ തന്നെ ആകുന്നു. നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നു ചെല്ലുന്ന ദേശത്തു നിങ്ങള്‍ക്കു ഇതിനാൽ ദീർഘായുസ്സുണ്ടാകും”

നിരീക്ഷണം

ദൈവ പുരുഷനായ മോശ തന്റെ അവസാന നാളിനോട് അടുത്ത സമയങ്ങളിൽ തന്റെ പിൻഗാമിയായ യോശുവയോടൊപ്പം നിന്നുകൊണ്ട് യിസ്രായേൽ ജനത്തെ ഓർപ്പിച്ച വാക്കുകളാണിവ.  മുപ്പത്തി രണ്ടാം അദ്യായത്തിൽ ഉടനീളം മോശയുടെ ഒരു നീണ്ട ഗീതം കാണുവാൻ സാധിക്കും.   ഇതിനെ മോശയുടെ ഗീതം എന്ന് വിളിക്കുന്നു. ന്യായപ്രമാണത്തിലെ വചനങ്ങളൊക്കെയും പ്രമാണിച്ച് നടക്കുവാൻ പ്രോത്സാഹനവും മുന്നറിയിപ്പികളും നൽകുന്ന തന്റെ സന്ദേശം പൂർത്തിയാക്കിയ ശേഷം മോശ ഇപ്രകാരം പറഞ്ഞു ഈ സകല വചനങ്ങളും മനസ്സിൽ വച്ചുകൊള്‍ക ഇവ ഒന്നും വ്യർത്ഥമല്ല പകരം ഇവയാൽ നിങ്ങള്‍ക്ക് ജീവനും, ദീർഘായുസ്സും ഉണ്ടാകും.

പ്രായോഗികം

യാഹോവയായ ദൈവം മോശ മുഖാന്തിരം യിസ്രായേൽ മക്കളോട് സംസാരിച്ച വാക്കുകളെ അവർക്ക് നിസ്സാരമായി കാണുവാൻ കഴിയുകയില്ല. ജനങ്ങള്‍ യഹോവയുടെ വാക്കുകള്‍ ഉള്‍ക്കൊളളുകയും അവ പൂർണ്ണമായി പാലിക്കുകയും ചെയ്താൽ, അവർ കൈവശമാക്കുവാൻ പോകുന്ന വാഗ്ദത്ത ഭൂമിയിൽ ദീർഘായുസ്സ് ഉണ്ടാകുമെന്ന് ദൈവം ഉറപ്പ് നൽകുന്നു.  നമുക്ക് ദൈവം നൽകിയിരിക്കുന്ന ഈ ജീവിതം എങ്ങനെ ജീവിക്കണമെന്നതിന്റെ വഴികാട്ടിയും മാർഗ്ഗ ദർശ്ശിയും ദൈവ വചനമാണ്.   അതിൽ മുന്നറിയിപ്പുകളും, അടയാളങ്ങളും, നിയമങ്ങളും, നിഷേധിക്കാനാവാത്ത സത്യങ്ങളും, സംഭവങ്ങളും, നിത്യജീവനിലേക്കുളള വഴിയും ഉണ്ട്. ക്രിസ്തീയ ജീവിതം വിജയകരമാകുവാൻ ഇതിൽ പരം എന്താണ് നമുക്ക് വേണ്ടത്?  ആയതിനാൽ ദൈവ വചനം നിസ്സാരമായി കാണേണ്ടുന്ന ഒന്നല്ല വളരെ ഗൗെരവപരമായി അത് വായിക്കുവാനും, പഠിക്കുവാനും, ജീവിതത്തിൽ പാലിക്കുവാനും സാധ്യമായി തീരട്ടെ. ഈ വേദപുസ്തകമെന്ന ദൈവത്തിന്റെ ജീവനുളള പുസ്തകം അലമാരയിൽ ഇരിക്കുവാനുളളതല്ല കാരണം അത് വായിക്കുന്നവരിലേക്ക് അതിൽ നിന്നും ജീവൻ വ്യാപരിക്കുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ജീവനുളള വചനം എനിക്കു നൽകിയതിനു നന്ദി. എനിക്ക് നിത്യത സ്വന്തമാക്കുവാമുളള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും അതിൽ ഉണ്ട്. അങ്ങയുടെ വചനം എന്നും വായിക്കുവാനും അത് അനുസരിച്ച് ജീവിക്കുവാനും എന്നെ സഹായിക്കേണമേ! ആമേൻ