Uncategorized

 “എങ്ങനെയാണ് ദൈവത്തിന്റെ പ്രവാചകൻ നിങ്ങളുടെ ശത്രുവായത്?”

വചനം

1 രാജാക്കന്മാർ 21 : 20

“ആഹാബ് ഏലീയാവോടു: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‍വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു.”

നിരീക്ഷണം

ആഹാബ് ഇസ്രായേലിലെ വളരെ ദുഷ്ടനായ രാജാവായിരുന്നു.  യഹോവയ്ക്ക് എതിരെ മത്സരിക്കുന്നതിൽ പ്രവാചകനായ ഏലിയാവിന് തന്റെ ദുഷ്ടത മനസ്സിലാകുമെന്ന് നന്നായി അറിയാമായിരുന്നു.  എന്നിട്ടും ആഹാബ് മത്സരിച്ചു.  ആഹാബുമായി ഇതിനു മുമ്പും ഏലിയാവ് ഏറ്റുമുട്ടിയരുന്നു.  ആഹാബ് രാജാവ് വഴിപിഴച്ചതിനാൽ ഏലിയാവ്, ഇസ്രായേലിൽ മൂന്ന് വർഷത്തെ വരള്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യുകയും അങ്ങനെ സംഭവിക്കുകയും ചെയ്തൂ.  കൂടാതെ, കർമ്മേൽ പർവ്വതത്തിൽവച്ച് ആകാശത്തുനിന്ന് തീ ഇറക്കുകയും ബാലിന്റെ പ്രവാചകന്മാരെ വധിക്കുകയും ചെയ്തിരുന്നു.  ഇത് ആഹാബിന്റെ മന്ത്രവാദിനിയായ ഭാര്യ ഈസേബെലിനെ പ്രകോപിപ്പിച്ചു.  എന്നാൽ ആഹാബിന് തന്റെ പ്രവശ്യയിലുളള നാബോത്ത് എന്ന  വ്യക്തിയുടെ മുന്തിരിത്തോട്ടം സ്വന്തമാക്കണമെന്ന ആഗ്രഹം ഉണ്ടായി.  നാബോത്ത്, പിതാക്കൻമാരിൽനിന്നും തനിക്ക് ലഭിച്ച മുന്തിരിത്തോട്ടം രാജാവിന് വിൽക്കുവാൻ സന്നദ്ധനായില്ല.  ആഹാബ് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി എന്ന് വേദപുസ്തകം പറയുന്നു.  എന്നാൽ ആഹാബിന് നാബോത്തിന്റെ മുന്തിരിത്തോട്ടം ലഭിക്കുവാൻ അദ്ദേഹത്തിന്റെ ഭാര്യ ഈസേബെൽ തന്ത്രപൂർവ്വം നാബോത്തിനെ കൊലപ്പെടുത്തി.  ദൈവം ഏലിയാവിനെ ആഹാബിന്റെ അരികിൽ അയയ്ക്കുകയും, ആഹാബിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു വെന്ന് അറിയിക്കുകയും ചെയ്തു. ഏലിയാവ് ആഹാബ് രാജാവിന്റെ വാതിൽക്കൽ എത്തിയപ്പോള്‍ “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?” എന്ന് ആഹാബ് ആക്രോശിച്ചു.

പ്രായോഗികം

“എപ്പോള്‍ മുതലാണ് ദൈവത്തിന്റെ മനുഷ്യൻ നിങ്ങളുടെ ശത്രുവായത്?”  എന്നാണ് ഈ രാജാവിനോട് യുക്തിസഹജമായി ചോദിക്കേണ്ടത്.  നിങ്ങളെയും പ്രപഞ്ചത്തിലെ എല്ലാറ്റിനെയും സൃഷ്ടിച്ച ദൈവത്തിന്റെ സ്നേഹിതനാകുവാൻ നിങ്ങള്‍ ആഗ്രഹിക്കുന്നവോ?  എങ്കിൽ ആ ദൈവത്തെയും ദൈവഭക്തന്മാരെയും അനുസരിക്കുന്നതാണ് ഉചിതം.  എന്നാൽ ആഹാബിന്റെതുപോലെ നിങ്ങളുടെ ഹൃദയം അഹങ്കാരവും ദുരഭിമാനവുംകൊണ്ട് വീർപ്പുമുട്ടുമ്പോള്‍ ദൈവത്തെയും ദൈവദാസന്മാരെയും എതിർക്കുവാനും, മത്സരിക്കുവാനും ഇടയാകും.  അങ്ങനെ ചെയ്തതാണ് ആഹാബിന്റെ പതനം. ഏലിയാവിന്റെ പ്രവചനങ്ങള്‍ നിറവേറുകയും ആഹാബും അവന്റെ മന്ത്രവാദിനിയായ ഭാര്യയും ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.  ഒരു ഉറച്ച തീരുമാനം ഇന്ന് എടുക്കാമോ?  “ദൈവത്തെയോ ദൈവദാസന്മാരെയോ ഒരിക്കലും എതിർക്കുകയോ ശത്രുവായി കാണുകയോ ചെയ്കയില്ലെന്ന്!”

പ്രാർത്ഥന

കർത്താവേ,

അങ്ങയുടെ ഇഷ്ടം അത് മാത്രമേ ഞാൻ ചെയ്യുവാൻ ആഗ്രഹിക്കുന്നുള്ളൂ.  അതിനായി എന്നെ സഹായിക്കേണമേ. അങ്ങയോടും അങ്ങയുടെ ദാസന്മാരോടും ഒരിക്കലും മത്സരിക്കുവാൻ എനിക്ക് ഇടവരരുതേ.  എന്നെ പൂർണ്ണമായി അങ്ങയുടെ ഹിതത്തിനായി സമർപ്പിക്കുന്നു.  ആമേൻ