Uncategorized

“എനിക്ക് അയ്യോ! കഷ്ടം”

വചനം

യെശയ്യാ 6 : 5

“അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.”

നിരീക്ഷണം

യെശയ്യാ പ്രവാചകന് കർത്താവിന്റെ ദർശനം ലഭിക്കുന്നതിന് മുമ്പ് തന്നെക്കുറിച്ച് തന്നെ വളരെ നല്ലവനെന്ന് തോന്നിയിരിക്കാം. കാരണം അദ്ദേഹം, യിസ്രായേലിന്റെ പ്രവാചകനാണ്.  മാത്രമല്ല, യിസ്രായേൽ ജനത്തിന്റെ പാപത്തെക്കുറിച്ച് ദൈവം തന്നോട് അരുളിചെയ്യുകയും അത് ജനത്തോട് താൻ അറിയിക്കുകയും ചെയ്തിരുന്നു.  എന്നാൽ കർത്താവിന്റെ മഹത്വവും ഉയർന്നും പൊങ്ങിയുമുളള സിംഹാസനത്തിൽ ഇരിക്കുന്നതുമായ കർത്താവിനെ യെശയ്യാവ് ദർശനത്തിൽ കണുവാൻ ഇടയായി.  കർത്താവിന്റെ ആ തേജസ്സ് കണ്ടപ്പോള്‍ പ്രവാചകൻ തന്നിലേക്ക് തന്നെ നോക്കുകയും കർത്താവിന്റെ വിശുദ്ധിക്കുമുമ്പിൽ താൻ വളരെ അശുദ്ധനാണെന്ന് മനസ്സിലാക്കി. ദൈവത്തോട് ഹൃദയം പൊട്ടി ഇപ്രകാരം നിലവിളിച്ചു “എനിക്ക് അയ്യോ കഷ്ടം!” തന്റെ ആത്മിയ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ അതിനെക്കുറിച്ച് ദുഃഖം നിറഞ്ഞ മനസ്താപത്തോടെ നിലവിളിച്ചതാണെന്ന് ഈ വചനത്തിൽ നിന്നും വ്യക്തമാകുന്നു.

പ്രായോഗികം

വളരെ സുപരിചിതമായ വേദ ഭാഗമാണിത്.  എന്നാൽ ഒരിക്കൽ കൂടി, ആഴമായി ഈ ഭാഗം ചിന്തിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ ജീവിതത്തെക്കുറിച്ച് ശരിക്കും അപഗ്രഥിച്ചാൽ “അയ്യോ, എനിക്ക് വീണ്ടും കഷ്ടം” എന്ന് പലപ്പോഴം നിലവിളിക്കേണമെന്നതാണ് സത്യം.  നാം ചിന്തിക്കുന്നത് നമ്മുടെ ജീവിതം നന്നായി പോകുന്നു, കുടുംബം വളരെ സന്തോഷകരമായിരിക്കുന്നു, സ്നേഹിക്കുവാൻ സുഹൃത്തുക്കളുണ്ട്, അതുകൊണ്ട് ഞാൻ വളരെ ഭാഗ്യവാനാണ്. എന്നാൽ ഇവയ്ക്കെല്ലാം മദ്ധ്യേ വളരെ സൂക്ഷമമായ ചിന്ത നമ്മിലേക്കു തന്നെ പായിക്കുന്നത് വളരെ നന്നായിരിക്കും. സ്വന്തം ജീവിതവും, പ്രവർത്തനങ്ങളും എങ്ങനെ ആയിരിക്കുന്നു വെന്നും നാം എത്രമാത്രം വിശുദ്ധരാണെന്നും അപ്പോള്‍ മനസ്സിലാകും.  ആയതിനാൽ, പ്രാർത്ഥനക്കായി മുഴങ്കാൽ മടക്കി കർത്താവിന്റെ മഹത്വത്തെയും വിശുദ്ധിയെയും കുറിച്ച് ധ്യാനിക്കുമ്പോള്‍ നമ്മുടെ കുറവുകളെ കണ്ടെത്തുവാൻ കഴിയും കാരണം, നമ്മെ വീണ്ടെടുത്ത കർത്താവിന്റെ മഹത്വം എത്ര മനോഹരമാണെന്നും, നാം എങ്ങനെ ആയിരിക്കുന്നുവെന്നും മനസ്സിലാക്കുമ്പോള്‍ അനുതാപത്തോടെ നിറകണ്ണുകളാൽ “അയ്യോ, കർത്താവേ എന്നിൽ അശുദ്ധിയുണ്ട് എനിക്ക് അയ്യോ കഷ്ടം!” എന്ന് വീണ്ടും വീണ്ടും നിലവിളിക്കുവാൻ ഇടയാകും. അപ്പോള്‍ യെശയ്യാവിനെ വിശുദ്ധീകരിച്ച ദൈവം തന്നെ നമ്മെയും യേശുവിന്റെ രക്തം കൊണ്ട് കഴുകി സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കും.

പ്രാർത്ഥന

കർത്താവേ,

എന്റെ കുറവുകളെ ഓരോ ദിവസവും തിരിച്ചറിയുവാൻ എനിക്ക് കൃപ നൽകേണമേ. അങ്ങ് പരിശുദ്ധനും നീതിമാനുമായ എന്റെ വീണ്ടെടുപ്പുകാരനാണ് .  അങ്ങയുടെ മാധുര്യമേറീയ സ്വഭാവം എന്നിലും വ്യാപരിപ്പാൻ എന്നെ സഹായിക്കേണമേ. ആമേൻ!