Uncategorized

“ഒരു മുളള്”

വചനം

2 കൊരിന്ത്യർ 12 : 7

“വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു, ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.”

നിരീക്ഷണം

ഈ അദ്ധ്യായം ആരംഭിക്കുമ്പോള്‍ അപ്പോസ്തലനായ പൌലോസ് തന്റെ ക്രിസ്തീയ ജീവിതത്തിന്റെ ആരംഭത്തിൽ ദൈവം നൽകിയ വിവരണാതീതവും മഹത്വകരവുമായ വെളിപ്പാടുകളെക്കുറിച്ച് വിവരിക്കുന്നു. അപ്പോസ്തലനായ പൌലോസ് താൻ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു അത് ശരീരത്തോടെ ആണോ ശരീരം കൂടാതെയാണോ എന്ന് ഉറപ്പില്ല എന്നൊക്കെയും തന്നെകുറിച്ച് തന്നെ പറഞ്ഞിട്ടുണ്ട്. ആയതുകൊണ്ട് വെളിപ്പാടുകളുടെ ആധിക്യം ഏറെയുണ്ടായിരുന്ന താൻ അതിൽ നിഗളിച്ചുപോകാതിരിപ്പാൻ ദൈവം തന്റെ ജീവിതത്തിൽ ഒരു മുളള് അയച്ചു. എന്നാൽ തന്നെ വളരെ ക്ലേശിപ്പിക്കുന്ന ഈ മുളള് നീക്കം ചെയ്തുതരണമെന്ന് മൂന്ന് അവസരങ്ങളിലായി ദൈവത്തോട് അപേക്ഷിച്ചു എന്നാൽ ദൈവം പൌലോസിനോട് “എന്റെ കൃപ നിനക്ക് മതി” എന്ന് പറഞ്ഞു അപ്പോസ്തലനെ ബലപ്പെടുത്തി.

പ്രായോഗികം

നമ്മുടെ ക്രിസ്തീയ ജീവിതത്തിലും പ്രാർത്ഥനയിൽ മഹത്വമേറിയ വെളിപ്പാടുകള്‍ ദൈവം നൽകും. നാം അത് മറ്റുളളവരോട് വലിയ പ്രശംസയ്ക്കും പ്രശസ്തിക്കും വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയാൽ നമ്മുടെ ജീവിതത്തിലും ഒരു പക്ഷേ മുള്ളിന്റെ അനുഭവങ്ങള്‍ ഉണ്ടായേക്കാം. ദിവസവും യേശുവിനെ പിൻഗമിക്കുന്ന നമ്മുക്ക് ലഭിക്കുന്ന വെളിപ്പാടുകള്‍ മുഖാന്തിരം അഹങ്കരിക്കുവാനല്ല മറിച്ച് അത് നാമും ദൈവവുമായുളള ബന്ധത്തെ ഉറപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തേണം. നമ്മുക്ക് ദൈവ കൃപയെക്കുറിച്ച് മറ്റുളളവരോട് സാക്ഷ്യപ്പെടുത്താം എന്നാൽ കർത്താവായ യേശുക്രിസ്തുവിൽനിന്നും ലഭിക്കുന്ന വെളിപ്പാടുകള്‍ നമ്മുടെയും മറ്റുളളവരുടെയും ആത്മീകവർദ്ധനയ്ക്കായി മാത്രം ഉപയോഗിക്കപ്പെടേണ്ടതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ദിനത്തിൽ ഞാൻ അങ്ങയുമായി കൂടുതൽ അടുക്കുവാൻ ആഗ്രഹിക്കുന്നു.  എനിക്ക് ലഭിച്ചിരിക്കുന്ന ആത്മീക വെളിപ്പാടുകളെയും കൃപകളെയും നഷ്ടപ്പെടുത്താതെ സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകേണമേ.  ആമേൻ