Uncategorized

“ഒരു സുഹൃത്തിന്റെ വിലാപം”

വചനം

2 ദിനവൃത്താന്തം 35 : 25

യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.

നിരീക്ഷണം

യോശീയാവ് 8 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് യഹൂദയിൽ ഭരണം തുടങ്ങുന്നത്. അദ്ദേഹം 31 വർഷം രാജാവായി ഭരണം നടത്തി. യോശീയാവിന്റെ ഭരണത്തിന്റെ 13-ാമത്തെ വർഷം യിരമ്യാവ് യഹോവയുടെ പ്രവാചകനായി ശുശ്രൂഷ ഏറ്റു. ദൈവത്തിന്റെ പ്രവാചകനായ യിരമ്യാവിൽ നിന്ന് ആലോചനപ്രാപിച്ച് തന്റെ ഭരണം മുന്നോട്ട് കൊണ്ടുപോയ രാജാവിന്റെ ഭരകാലത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു. അത്രയ്ക്ക് നീതിയോടും ന്യായത്തോടും തനിക്ക് ഭരണം നടത്തുവാൻ കഴിഞ്ഞു എന്ന് നമുക്ക് മനസ്സിലാക്കാം. പിന്നീട് യോശീയാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു, യിരമ്യാവ് തന്റെ സുഹൃത്തും നേതാവുമായ യോശീയാവിന്റെ മരണത്തെ തുടർന്നുള്ള ദുഃഖത്തിന്റെ ഭാഗമായിട്ടാണ് വിലാപങ്ങളുടെ പുസ്തകം എഴുതിയത് എന്ന് നമുക്ക് കാണുവാൻ കഴിയും.

പ്രായോഗികം

യോശീയാവ് ചുരുങ്ങിയ ഒരു കാലയളവുകൊണ്ട് യഹൂദാ ജനതയെ ദൈവ വഴിയിൽ നടത്തി എന്ന് വേദപുസ്തകം നമ്മെ ഓർമ്മപ്പെടുത്തുന്നു. അദ്ദേഹം തന്റെ രാജ്യത്ത് നടമാടിയിരുന്ന എല്ലാ ആന്യാ ആരാധനകളെയും തകർക്കുകയും ദൈവീക പ്രമാണ പ്രകാരമുള്ള പെസ്സഹാപ്പെരുനാളും വഴിപാടുകളും പുനഃസ്ഥാപിക്കുകയും ദൈവ വഴികളിലേയ്ക്ക് തന്റെ ജനതെ നടത്തുകയും ചെയ്തു. യോശീയാവിന്റെ 21-ാം വയ്സ്സിൽ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ യിരമ്യാവ് ആ കാലത്തെ പ്രവാചകനായി ദൈവം അഭിഷേകം ചെയ്തു. 18 വർഷം കടെ ഇവർ രണ്ടുപേരും ചേർന്ന് യഹൂദയിൽ നിന്ന് അന്യ ആരാധനയെയും സാത്താന്റെ പ്രവർത്തികളെയും തുരത്തിയോടിച്ചു. അതിനുശേഷം മിസ്രമിനെതിരായ യുദ്ധത്തിൽ യോശീയാവ് മരിച്ചു. യിരമ്യവിനെ കരയുന്ന പ്രവാചകൻ എന്ന് വിളിക്കുവാൻ അനേക കാരണങ്ങൾ ഉണ്ട്, എന്നാൽ അതിൽ ഒരുകാരണം തന്റെ സുഹൃത്തായ യോശീയാവിന്റെ മരണം തന്നെയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സുഹൃത്തുക്കളായ ദൈവമക്കൾക്കായി ദൈവത്തിന് നന്ദി അർപ്പിക്കുന്നു അവരെ തുടർന്നും സംരക്ഷിക്കേണമേ. ആമേൻ