Uncategorized

“കുഴഞ്ഞ ചേറ്റിൽ നിന്നും വിജയത്തിലേയ്ക്ക്”

വചനം

യിരമ്യാവ് 38 : 6

അവർ യിരെമ്യാവെ പിടിച്ചു കാവൽപുരമുറ്റത്തു രാജകുമാരനായ മൽക്കീയാവിന്നുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു.

നിരീക്ഷണം

യഹൂദയിലെ രാജാവായിരുന്നു സിദെക്കീയാവ്, അദ്ദേഹത്തിന്റെ ഒരു മകന്റെ പേര് മൽക്കിയ എന്നുമായിരുന്നു.  ആ കാലത്ത് യിരമ്യാപ്രവാചകൻ യഹൂദയിലായിരിക്കുന്ന സകലരേയും ബാബിലോണിയൻ രാജാക്കന്മാർ കൊല്ലുമെന്നും ബാബിലോണിലേയ്ക്ക് പ്രവാസത്തിൽ പോയവർ മാത്രം ജീവിച്ചിരിക്കുമെന്നും പ്രവചിച്ചു.  അപ്രകാരം പ്രവചിച്ചത് യഹൂദാ ജനതയ്ക്കും രാജാവിനും അനിഷ്ടമായി.  അപ്രകാരം പ്രവചിക്കുന്നത് നിർത്തണമെന്ന് രാജാവിന്റെ ഭ്യത്യന്മാർ ചെന്ന് പ്രവാചകനോട് കൽപ്പിച്ചു. എന്നാൽ ജനങ്ങളോട് അറിയിക്കുവാൻ ദൈവം തന്ന അരുളപ്പാടിനെ മാറ്റാൻ യിരമ്യാവ് തയ്യാറായില്ല. ആയതുകൊണ്ട് സിദക്കീയ രാജാവ് ദൈവത്തിന്റെ പ്രവാചകനായ യിരമ്യാവിനെ വെള്ളമില്ലാത്ത ഒരു ചെളി നിറഞ്ഞ കിണറ്റിൽ ഇട്ടുകളഞ്ഞു. പ്രവാചകൻ ആ ചെളിയിൽ മുങ്ങി. 

പ്രായോഗീകം

യിരമ്യാ പ്രവാചകനെപ്പോലെ നിങ്ങള്‍ക്ക് ഒരു മോശം ദിവസം ഉണ്ടായിട്ടുണ്ടോ? നമ്മുടെ ജീവിതത്തെ പരിശോധിച്ചാൽ നമുക്കും ഇതുപോലുളള മോശം ദിനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതിൽ സംശയമില്ല.  എന്നാൽ നമ്മുടെ ദൈവം നല്ല ദിനങ്ങളിൽ നമ്മോടു കൂടെ ഉള്ളതുപോലെ മോശം ദിവസങ്ങളിലും നമ്മോടു കൂടെ ഉണ്ടായിരിക്കും. നാം വിജയത്തിലെത്താൻ പരിശോധനയെന്ന തീയിലുടെ കടന്നുപോകണമെന്നതാണ് സത്യം. എങ്കിൽ മാത്രമേ നമ്മുടെ ജീവിത നിലവാരം ദൈവം ആഗ്രഹിക്കുന്ന നിലയിലേയ്ക്ക് ഉയരുകയുള്ളൂ. യിരമ്യാവിന് ആ ചെളിയിൽ നിന്ന് പുറത്തുവരുവാൻ കഴിഞ്ഞുവോ? തീർച്ചയായും യിരമ്യാവ് പുറത്തുവന്നു! ദൈവം ഒരു വ്യക്തിയെ രാജാവിന്റെ അടുക്കലേയ്ക്ക് അയച്ചിട്ട് അദ്ദേഹം രാജാവിനോട് ഇപ്രകാരം ചോദിച്ചു ദൈവത്തിന്റെ പ്രവാചകനെ ആ കുഴിയിൽ ഇട്ടതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നതെന്ത്? ഉടനെ രാജാവ് പ്രവാചകനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുവാൻ ഉത്തരവിട്ടു. ഏതാനും ദിവസത്തിനുള്ളിൽ ബാബിലോൺ രാജാവായ നെബൂക്കദ്നേസർ കടന്നു വരികയും സിദെക്കീയാവ് രാജാവിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും അവന്റെ പുത്രന്മാരെ കൊല്ലുകയും ചെയ്തു.  സിദെക്കീയാവ് മരിക്കുന്നതുവരെ ബാബിലോണിൽ അടിമയായി ജീവിച്ചു.  എന്നാൽ യിരമ്യാ പ്രവാചകനോ?  യഹോവയുടെ അരുളപ്പാടുകള്‍ അറിയിച്ചുകൊണ്ടെയിരുന്നു. യിരമ്യാപ്രവാചകനെക്കുറിച്ച് നാം ഇന്നും ഓർക്കുന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എന്നാൽ സിദെക്കീയാവിനെക്കുറിച്ച് ആരും ഓർക്കുന്നില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സുഖമുളള നാളുകളിലും ദുഃഖത്തിന്റെ നാളുകളിലും അവിടുന്ന് എന്നെ കൈവിടാതെ എന്റെ കൂടെ ഉളളതിനായി നന്ദി പറയുന്നു.   പരിശോധനകളിലൂടെ കടന്നുപോകുമ്പോള്‍ അതിനപ്പുറത്ത് ഒരു വലീയ വിജയം ഉണ്ടെന്ന് അറിഞ്ഞ് പരിശോധനകളെ ധൈര്യത്തോടെ തരണം ചെയ്യുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ