Uncategorized

“ജനങ്ങള്‍ക്ക് ഒരു നേതാവിനെ വേണം”

വചനം

2 രാജാക്കന്മാർ 23 : 3

രാജാവു തൂണിനരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചു നടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു.

നിരീക്ഷണം

യെഹൂദ ഭരിച്ചിരുന്ന യോശീയാ രാജാവ് വാഴ്ച തുടങ്ങിയപ്പോൾ എട്ടു വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് മഹാപുരോഹിതനായിരുന്ന ഹില്ക്കിയാവ് ന്യായപ്രമാണ പുസ്തകം  യഹോവയുടെ ആലയത്തിൽ നിന്നും കണ്ടെത്തി.  ദൈവത്തിന് പ്രസാദമുളളത് മാത്രം പ്രവൃത്തിക്കുവാൻ ഇഷ്ടപ്പെട്ട യോശീയാവ് ന്യായപ്രമാണ പുസ്തകത്തിൽ ദൈവം അരുളിചെയ്തതൊക്കെയും വായിച്ച് കേട്ടപ്പോള്‍ അത് അനുവർത്തിക്കുവാനും ജനത്തെ ആ വഴിയിൽ നടത്തുവാനും തയ്യാറായി. ഈ വചനത്തിൽ രാജാവ് ദൈവത്തെ പൂർണ്ണ  ഹൃദയത്തോടെ അനുസരിക്കുവാൻ തീരുമാനിക്കുകയും ജനത്തെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ ചോദ്യം ചെയ്യാതെ ജനം രാജാവിനെയും ദൈവ കല്പനകളെയും അനുഗമിച്ചു.  ജനത്തിന് അവരെ ദൈവ വഴിയിൽ നയിക്കുന്ന ഒരു നല്ല നേതാവിനെയാണ് ആവശ്യം എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

പ്രായോഗീകം

യോശീയാ യെഹൂദ ദേശത്തിന്റെ പരമാധികാരിയായ രാജാവായിരുന്നെങ്കിൽപോലും അദ്ദേഹത്തെ എതിർക്കുന്നവരും സ്വാഭാവീകമായും ഉണ്ടായിരുന്നിരിക്കാം. എന്നാൽ രാജാവ് തന്റെ ജീവിത അവസാനം വരെ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ആദരിച്ചു. യോശീയാ രാജാവിനെപ്പോലെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണമനസ്സോടും, പൂർണ്ണശക്തിയോടും കൂടെ മോശയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേയ്ക്ക് തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, പിമ്പ് ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല  (2 രാജാക്കന്മാർ 23:25)!  ഇപ്രകാരമുളള രാജാവിന്റെ ജീവിതം യഹൂദാ ജനത്തിന് രാജാവിൽ മതിപ്പ് ഉളവാക്കി എന്ന് മാത്രമല്ല അവർ സന്തോഷത്തോടെ രാജാവിനെ അനുഗമിച്ചു.  നീതിയും, സ്നേഹവും, ദൈവവഴികളിൽ നടക്കുന്നവരും തങ്ങളുടെ നേതാവാകണം എന്ന്  ജനം ആഗ്രഹിക്കുന്നവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അത്തരത്തിലുളള ഒരു നേതൃത്വത്തെ കണ്ടെത്തുമ്പോള്‍ ജനങ്ങള്‍ ആ നേതാവിനെ പിന്തുടരും. യോശീയാ അങ്ങനെയുളള ഒരു നേതാവായിരുന്നു.  നമുക്കും അപ്രകാരമുളള ഒരു നേതാവാകുവാൻ തീരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവത്തെ യഥാർത്ഥമായി സ്നേഹിക്കുന്ന ധൈര്യശാലിയായ ഒരു നേതാവായിരിക്കുവാൻ എനിക്ക് കൃപ നൽകേണമേ.  ജനത്തിന് യേശുവിനെ ആവശ്യമാണെന്ന് എനിക്കറിയാം എന്നാൽ എല്ലാ സന്ദർഭങ്ങളിലും ജനങ്ങള്‍ക്ക് യേശുവിനെ ചൂണ്ടികാണിക്കുന്ന ഒരു നല്ലനേതാവിനെ ആവശ്യമാണ്. അങ്ങനെ ഒരു വ്യക്തിയാകുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ