Uncategorized

“യേശുക്രിസ്തു ദൈവത്തിന്റെ അഭിഷിക്തൻ”

വചനം

ഹബക്കൂക്ക് 3 : 13

നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു.

നിരീക്ഷണം

ഹബക്കൂക്കിന്റെ ഈ പ്രവചനങ്ങളെ വേദ പണ്ഡിതന്മാർ ഒരു പ്രത്യേക നന്ദർഭത്തിലെ പ്രവചനങ്ങളായി മാത്രം കാണുന്നില്ല.  ദൈവം തന്റെ ജനത്തിനായി ഇടപെടുവാൻ ആയിരകണക്കിന് വർഷങ്ങള്‍ക്കിപ്പുറവും പുറപ്പെട്ടുവരുന്നു. പഴയനിയമത്തിൽ ദൈവ സ്നേഹം അളവില്ലാതെ അനുഭവിപ്പാൻ കഴിഞ്ഞ ഒരു ജനതയാണ് യിസ്രായേൽ. എന്നാൽ പലസാഹചര്യങ്ങളിലും അവർ ദൈവത്തെ അനുസരിക്കാതെ മാറിപ്പോയിട്ടുണ്ട്. കാലാകാലങ്ങളിലായി ജനത്തെ ദൈവത്തിങ്കലേയ്ക്ക് മടക്കിവരുത്തുവാൻ ദൈവം തന്റെ ജനത്തിൽ നിന്നും നിരവധി അഭിഷിക്തന്മാരെ എഴുന്നേൽപ്പിച്ചിട്ടുണ്ട്.  ഒരു സന്ദർഭത്തിൽ ദൈവത്തിന്റെ  അഭിഷിക്തൻ അബ്രഹാം ആയിരുന്നു മറ്റെരു സന്ദർഭത്തിൽ മോശ പിന്നെ ദാവീദ് അങ്ങനെ മാറിമാറി ജനത്തെ രക്ഷിക്കുവാൻ ദൈവം അധികാരികളെ തിരഞ്ഞെടുത്തുകൊണ്ടിരുന്നു. എന്നാൽ അവർക്കാർക്കും ജനത്തെ ആത്യന്തീകമായി രക്ഷിക്കുവാൻ കഴിഞ്ഞില്ല.  ഒടുവിൽ പിതാവായ ദൈവം മുൻ നിർണ്ണയപ്രകാരം തന്റെ ഏകജാതനായ പുത്രനെ, യേശുക്രിസ്തുവിനെ തന്നെ ലോക രക്ഷിതാവായി അഭിഷേകം ചെയ്ത് അപ്രകാരം നിയമിച്ചു.

പ്രായോഗീകം

ഈ ദൈവ വചനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മിൽ പലരേയും ദൈവത്തിന്റെ അഭിഷിക്തരായി വിളിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം.  എന്നാൽ ചിലരെ ചില സന്ദർഭങ്ങളിൽ ദൈവത്തിന്റെ അറിയപ്പെടുന്ന അഭിഷിക്തരായി ദൈവം ഉപയോഗിക്കാറുണ്ട്.  എല്ലാ ദൈവ മക്കളെയും ദൈവം അപ്രകാരം ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മെ ഏതുസമയത്തും ദൈവം തന്റെ അഭിഷിക്തരായി ഉപയോഗിക്കുവാൻ നാം ഒരുങ്ങിയിരിക്കണം.  യേശുക്രിസ്തു പിതാവാം ദൈവത്തിന്റെ അഭിഷിക്തനായി തന്റെ ദൌത്യം നിറവേറ്റിയതുകൊണ്ടാണ് നമുക്കും അപ്രകാരം ആയിതീരുവാൻ ഇടയാകുന്നത്. അല്ലായിരുന്നുവെങ്കിൽ ഒരുപ്രതീക്ഷയും ഇല്ലാതെ നാം നഷ്ടപ്പെട്ടുപോകുമായിരുന്നു.  ദൈവത്തിന്റെ അഭിഷിക്തനായ യേശുക്രിസ്തുവാണ് നമ്മുടെ മാർഗ്ഗ ദർശി.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ അഭിഷിക്തനായി ഉപയോഗിക്കപ്പെടുവാൻ എനിക്ക് കൃപ നൽകേണമേ. അതിനായി എന്നെ സമർപ്പിക്കുന്നു. ഈ വചനം വായിക്കുന്ന ഓരോ വ്യക്തികളും ദൈവത്തിന്റെ അഭിഷിക്തരായി മാറുവാൻ അങ്ങ് കൃപ നൽകുമാറാകേണമേ. ആമേൻ