Uncategorized

“താങ്കള്‍ നിരസിച്ച ഒരാളെ എന്തിന് കുറ്റപ്പെടുത്തണം?”

വചനം

യിരമ്യാവ് 2 : 29

നിങ്ങൾ എന്നോടു വാദിക്കുന്നതു എന്തു?  നിങ്ങൾ എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

നിരീക്ഷണം

ഈ വചനം യിരമ്യാ പ്രവചന പുസ്തകത്തിന്റെ താളുകളിൽ പ്രവാചകന്റെ തൂലികയാൽ എഴുതപ്പെട്ടിട്ടുളളതാണ്. എന്നാൽ അതിൽ എഴുതപ്പെട്ടിട്ടുളള ഈ വാക്കുകള്‍ ജീവനുളള ദൈവത്തിന്റെതാണ്.  വർഷങ്ങളായി ജനം ദൈവ വചനത്തിന് എതിരായി ജീവിച്ചതിന്റെ ഫലം കൊയ്യുകയാണിവിടെ.  അവർക്കെതിരായ ന്യായവിധി പ്രകടമായി കാണുകയാണ്.  ഓരോരുത്തരും അവരവരുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം പ്രാപിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് നമ്മുക്കിവിടെ കാണുവാൻ സാധിക്കുന്നത്. ഇവിടെ യിസ്രായേൽ ജനം തങ്ങള്‍ക്ക് അർഹമായ പ്രതിഫലം കൊയ്യുമ്പോള്‍ അവർ ദൈവത്തെ കുറ്റപ്പെടുത്തുവാൻ തുടങ്ങി. അപ്പോള്‍ ദൈവം അവരോട് ചോദിക്കുന്നു നിങ്ങള്‍ എന്നെ ദ്രോഹിച്ചു  എന്നെ തള്ളിക്കളഞ്ഞു പിന്നെയും എന്തിന് എന്നെ കുറ്റപ്പെടുത്തുന്നു?

പ്രായോഗീകം

ജീവിതത്തിൽ  ചെയ്യുന്ന പ്രവൃത്തിയൊക്കെയും   സാധ്യമായി  തീരുമ്പോള്‍, മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നു നിന്നാലും  തനിക്ക് ഇതൊക്കെയും ചെയ്യുവാനാകും എന്ന ചിന്ത പലപ്പോഴും കടന്നുവരാറുണ്ട്. എന്നാൽ ദൈവത്തെ കൂടാതെയുളള തന്റെ ജീവിതത്തിലെ പ്രവൃത്തിയ്ക്ക് തക്കവണ്ണം പ്രതിഫലം ലഭിക്കുമ്പോള്‍ ദൈവത്തെ കുറ്റപ്പെടുത്തുവാൻ തുടങ്ങും. ദൈവ വചനത്തിലെ ധൂർത്ത പുത്രന്റെയും സ്നേഹവാനായ പിതാവിന്റെയും ചരിത്രം നാമും നമ്മുടെ സ്വർഗ്ഗീയ പിതാവും തമ്മിലുളള തികഞ്ഞ ബന്ധത്തിന്റെ ചിത്രമാണ് കാണുന്നത്. ചില സന്ദർഭങ്ങളിൽ മക്കള്‍ കള്ളം പറയുകയും വാക്കുകള്‍കൊണ്ട് പിതാവിനെ കളിയാക്കുകയും ശപിക്കുകയും ഒക്കെ ചെയ്യാറുണ്ട് എന്നാൽ അതേ കുട്ടികള്‍ തന്റെ ക്ഷമിക്കുന്ന കരങ്ങളിലേയ്ക്ക് തിരികെ വരുന്നതിനായി പിതാവ് കാത്തിരിക്കുന്നതു പോലെയാണ് ദൈവം യിസ്രായേൽ മക്കള്‍ക്കായി കാത്തിരുന്നത്. എന്നാൽ അവർ ദൈവത്തിങ്കലേയ്ക്ക് മടങ്ങി വരുന്നതിനു പകരം ദൈവത്തെ കുറ്റപ്പെടുത്തുവാനും  വാദിക്കുവാനും തുടങ്ങി. ഇവിടെയാണ് ദൈവം യിരമ്യാവിലൂടെ ഈ ചോദ്യം ജനത്തോട് ചോദിക്കുന്നത് നിങ്ങള്‍ നിരസിച്ചവനെ എന്തിന് കുറ്റപ്പെടുത്തുന്നു?  ഇത് നമ്മോട് ഓരോരുത്തരോടും കൂടെയുളള ചോദ്യമാണ് എന്ന് നാമും തിരിച്ചറിയേണം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ വ്യക്തിപരമായ പരാജയത്തിൽ ഒരിക്കലും ഞാൻ അങ്ങയെ കുറ്റപ്പെടുത്തുകയില്ല.  എനിക്ക് ആവശ്യമായതെല്ലാം അങ്ങ് നൽകുന്നു. അത് എനിക്ക് ഒരിക്കലും നിഷേധിക്കുവാൻ കഴിയുകയില്ല.  എന്നും അങ്ങയുടെ വചനം അനുസരിച്ച് നല്ല പ്രതിഫലം പ്രാപിക്കുവാൻ തക്കവണ്ണം ജീവിക്കുവാൻ എന്നെയും ഇത് വായിക്കുന്ന എന്റെ സുഹൃത്തിനെയും സഹായിക്കേണമേ. ആമേൻ