Uncategorized

“നമ്മുടെ സമയം ദൈവത്തിന്റെ കരങ്ങളിൽ”

വചനം

യോഹന്നാൻ 11 : 4

യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു

നിരീക്ഷണം

ലാസറും അവന്റെ സഹോദരിമാരായ മാർത്തയും മറിയയും യേശുവിന് വളരെ പ്രീയപ്പെട്ട സുഹൃത്തുക്കളായിരുന്നു. യേശു പട്ടണത്തിന് പുറത്തായിരിക്കുമ്പോള്‍ ലാസറിന് അസുഖം പിടിപ്പെട്ട്  മരണാസന്നമായിരിക്കുന്നു എന്ന് സഹോദരിമാർ യേശുവിനെ അറിയിച്ചു. വാർത്തയറിഞ്ഞ യേശു തന്റെ ശിഷ്യന്മാരോടായി ഈ രോഗം മരണത്തിനായിട്ടുളളതല്ല എന്നു പറഞ്ഞു.  അതിനു ശേഷവും യേശു താൻ ആയിരുന്ന ഇടത്തു തന്നെ രണ്ടു ദിവസം കൂടി താമസിച്ചു. എന്നാൽ ലാസർ മരിച്ചു എന്ന് യേശു മനസ്സിലാക്കിയപ്പോള്‍ ലാസർ ഉറങ്ങുക മാത്രമാണെന്ന് ശക്ഷ്യന്മാരോട് പറഞ്ഞു. യേശുവും ശിക്ഷ്യന്മാരും തിരികെ ബേഥാന്യയിലേയ്ക്ക് കടന്നുവരുമ്പോള്‍ ലാസർ മരിച്ച് അവന്റെ ശരീരം കല്ലറയിൽ വച്ചിട്ട് നാലു ദിവസം ആയിരുന്നു. യേശു കല്ലറയുടെ മുന്നിൽ നിന്നുകൊണ്ട് ലാസറേ പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു.  ഉടനെ ലാസർ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, കൈകളും കാലുകളും തുണികള്‍കൊണ്ട് പെതിഞ്ഞവനായി പുറത്തുവന്നു.

പ്രായോഗീകം

ഈ ചരിത്ര യാഥാർഥ്യത്തിൽ നിന്നു ആദ്യം നാം മനസ്സിലാക്കേണ്ട കാര്യം നമ്മുടെ ജീവിതത്തിൽ  എന്തൊക്കെ സംഭവിക്കും എന്ന് യേശുവിന് നന്നായി അറിയാം എന്നതാണ്.  രണ്ടാമതായി ഞാനും നിങ്ങളും കാണുന്നതു പോലെയല്ല യേശു ജീവിത്തെയും മരണത്തെയും കാണുന്നത്. സകലത്തെയും സൃഷ്ടിച്ച ദൈവം എല്ലാറ്റിനും കാലങ്ങളും നിയമിച്ചിരിക്കുന്നു.  ആ കലങ്ങളും സമയവും നമുക്ക് ആരാഞ്ഞറിയാകുന്നവയല്ല. ഇത് വായിക്കുന്ന താങ്കള്‍ വളരെ പ്രതിസന്ധിയിലുടെ കടന്നു പോകുന്ന ആളായിരിക്കാം അല്ലെങ്കിൽ മരണകരമായ രോഗത്താൽ ബാധിതനായി മരണം പ്രതീക്ഷിച്ചിരിക്കുന്ന ആളായിരിക്കാം. എന്നാൽ ഒരു കാര്യം ഓർക്കുക ദൈവം അറിയാതെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല താങ്കളുടെ സമയമല്ല കർത്താവിന്റെ സമയം. കർത്താവായ യേശുക്രിസ്തുവിൽ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കിൽ താങ്ങളുടെ ജീവിതം കൊണ്ട് ദൈവത്തിന്റെ ഉദ്ദേശം നിറവേറ്റിയതിനു ശേഷം മാത്രമേ താങ്കള്‍ ഈ ലോകത്തു നിന്നും നീക്കപ്പെടുകയുളളു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്റെ ജീവിതത്തിൽ അവിടുന്ന് സൗഖ്യം നൽകിയതിനായി നന്ദി പറയുന്നു. അവിടുത്തെ സമയത്തിനായി കാത്തിരിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.