Uncategorized

“യഹോവ താങ്കളിൽ സന്തോഷിച്ച് ആനന്ദിക്കും”

വചനം

സെഫന്യാവു 3 : 17

നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.

നിരീക്ഷണം

യിസ്രായേൽ ജനത്തിന്റെ പാപം നിമിത്തം ദൈവത്തിന്റെ കോപത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും ദീർഘമായി പ്രവചിച്ചതിനുശേഷം സെഫന്യാവിലൂടെ ദൈവം ഇപ്പോള്‍ തന്റെ ജനത്തോടുളള വലീയ സ്നേഹത്തെക്കുറിച്ച്  ഓർപ്പിക്കുന്നു.  ഇനി തന്റെ ജനത്തെ രക്ഷിക്കും എന്ന് മാത്രമല്ല അവരെ ശാസിക്കുകയും ശിക്ഷിക്കുകയും ഇല്ല എന്നും പ്രവചനം വ്യക്തമാക്കുന്നു. പിതാവായ ദൈവം തന്റെ മക്കളായ നമ്മെ ഓരോരുത്തരെയും അളവില്ലാതെ സ്നേഹിക്കുകയും അക്ഷരാർത്ഥത്തിൽ നമ്മെ കുറിച്ച് ഘോഷിച്ചാനന്ദിക്കുകയും ചെയ്യുന്നു എന്നും വചനം വ്യക്തമാക്കുന്നു.

പ്രായോഗീകം

വളർന്നുവരുന്ന ഒരു കുഞ്ഞ് പിതാവിന് തന്നോടുളള സ്നേഹത്തെ ഒരിക്കലും ചോദ്യം ചെയ്യുകയില്ല. തെറ്റുകള്‍ ചെയ്ത് ആ കുഞ്ഞ് പിതാവിന്റെ ഹൃദയം വേദനിപ്പിക്കുമ്പോഴും പിതാവ് കുഞ്ഞിനെ സ്നേഹിക്കുന്നു. എന്നാൽ പലപ്പോഴും സ്നേഹത്തിൽ നിന്നുളവാകുന്ന ശാസനകളും ശിക്ഷണവും കുഞ്ഞ് ഏറ്റുവാങ്ങുമ്പോള്‍ പിതാവിന്റെ സ്നേഹത്തെക്കുറിച്ച് കുഞ്ഞ് ഇപ്രകാരം ചിന്തിക്കുന്നുണ്ടാവാം. എന്റെ പിതാവ് എന്നെ വളരെ സ്നേഹിക്കുകയും അതുപോലെ തന്നെ ശിക്ഷിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? എന്നാൽ ആ കുഞ്ഞ് വലുതായി കഴിയുമ്പോള്‍ അവൻ കുട്ടിക്കാലത്തു ചെയ്ത എല്ലാ തെറ്റുകളും ആ പിതാവ് എന്നേയ്ക്കുമായി മറന്നിരിക്കും പിന്നെ ആ പിതാവ് ജീവിക്കുന്നത് ആ കുഞ്ഞിനെ സന്തോഷിപ്പിക്കുവാനാണ്.  ഈ പറഞ്ഞ പ്രകാരം തന്നെയാണ് സ്വർഗ്ഗീയ പിതാവും യിസ്രായേൽ ജനത്തിന്റെ ശൈശവകാലത്തെ തെറ്റുകള്‍മറന്നുകൊണ്ട് അവരെക്കുറിച്ചോർത്ത് ഘോഷിച്ചാനന്ദിക്കുന്നത്.  പ്രീയ സുഹൃത്തേ ഒരുപക്ഷേ ഇപ്രകാരം ക്ഷമിക്കുന്ന ഒരു ഭൗമീക പിതാവ് താങ്കള്‍ക്ക് ഇല്ലെങ്കിലും താങ്കളുടെ മുൻകാല പാപങ്ങളെ എല്ലാം മറന്ന് താങ്കളെ സ്നേഹിക്കുന്ന ഒരു സ്വർഗ്ഗീയ പാതവ് നമുക്കുണ്ട് നിശ്ചയം.  ആ സ്വർഗ്ഗീയ പിതാവ് താങ്കള്‍ ഇതുവരെ ചെയ്ത എല്ലാ പാപങ്ങളും ഒരു കൊച്ചു കുഞ്ഞിനോടെന്ന പോലെ ക്ഷമിക്കുകയും താങ്കളിൽ ഉല്ലസ്സിച്ച് ആനന്ദിക്കുകയും ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരു പിതാവാണ് നമ്മുടെ ദൈവം.

പ്രാർത്ഥന

പ്രീയ യേശുവേ,

പഴയകാല പാപങ്ങളെല്ലാം എനിക്ക് ക്ഷമിച്ചുതന്നതിനായി നന്ദി പറയുന്നു. തുടർന്നും അങ്ങ് എന്നെ ഓർത്ത് ഉല്ലസ്സിച്ച് ആനന്ദിക്കത്തക്ക തരത്തിലുളള ജീവിതം നയിക്കുവാൻ എന്നെ പ്രാപ്തനാക്കേണമേ. ആമേൻ