Uncategorized

“തുറന്ന കൈകളുമായി ജീവിക്കുക”

വചനം

സങ്കീർത്തനങ്ങള്‍ 145 : 16

നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.

നിരീക്ഷണം

ഈ വചനത്തിൽ യിസ്രായേലിലെ രാജാവായ ദാവീദ് യഹോവയായ ദൈവത്തിന്റെ പ്രവൃത്തിയെക്കുറിച്ച് വിവരിക്കുകയാണ്. ദൈവം താൻ സൃഷ്ടിച്ച ജീവജാലങ്ങളെ ഒക്കെയും തൃക്കൈതുറന്ന് അനുഗ്രഹിക്കുന്നു. അതിൽ മനുഷ്യർ, മൃഗങ്ങള്‍, സസ്യങ്ങള്‍ തുടങ്ങി ദൈവത്തിന്റെ സകല സൃഷ്ടികളും ഉള്‍പ്പെടും. ദൈവത്തിന്റെ തുറന്ന കൈ അവന്റെ ഹൃദയത്തെയും ഉദാരതയെയും പ്രതിനിധീകരിക്കുന്നു. ദൈവത്തിന്റെ തുറന്ന കൈ നമ്മെ ഓർമപ്പെടുത്തുന്നത്, ദൈവം സകല സൃഷ്ടിക്കും ആവശ്യമായത് കൊടുക്കുന്നവൻ എന്നാണ്. എന്നാൽ ഒരു അടഞ്ഞ കൈ സൂചിപ്പിക്കുന്നത് സ്വാർത്ഥതയെയാണ്, എന്റെ കൈയ്യിലുള്ളത് എനിക്ക് മാത്രം എന്ന ചിന്ത. ദൈവത്തിന്റെ ഹൃദയവും തുറന്ന കൈയുടെ പ്രവർത്തിയും നാം മനസ്സിലാക്കുമ്പോള്‍ അപ്രകാരം തന്നെ നമുക്കും തുറന്ന കൈകളോടു കൂടി ജീവിക്കുവാൻ കഴിയേണം എന്നതാണ് വാസ്ഥവം.

പ്രായോഗീകം

നമുക്ക് ജീവിതത്തിൽ പലതിന്റെയും ഉടമസ്ഥനാകുക എന്നതാണ് ചിന്ത. സ്വന്തം വീട്, സ്വന്തം കാറ്, സ്വന്തം ബിസ്സിനസ്സ് തുടങ്ങിയവയുടെ ഉടമസ്ഥൻ എന്ന് പറയുമ്പോള്‍ നമുക്ക് സന്തോഷമാണ്. എന്നാൽ മരണം നമ്മെ പിടികൂടുമ്പോള്‍ നമുക്കുള്ളതെല്ലാം അടുത്ത ഒരാളിന്റെ ഉടമസ്ഥതയിൽ കൊടുത്തിട്ട് ഈ ലോകം വിട്ട് പോകേണ്ടി വരും. ദൈവം നിങ്ങളിൽ തന്നിരിക്കുന്ന അനുഗ്രഹങ്ങളെ നിങ്ങളുടെ കൈയ്യിൽ മാത്രം ഒതുക്കി അടഞ്ഞ കൈകളോടുകൂടി ജീവിക്കുന്നുവെങ്കിൽ ഈ രണ്ടു സത്യങ്ങള്‍ നാം തിരിച്ചറിയേണം. ഒന്നാമതായി നിങ്ങളുടെ അടഞ്ഞ കൈകളിലേയ്ക്ക് ദൈവത്തിന് കൂടുതലൊന്നും തരുവാൻ കഴിയുകയില്ല. രണ്ടാമയായി നിങ്ങളുടെ കൈയ്യിൽ ഉള്ളതുകൊണ്ട് ഈ ലോകത്തിന് ഒരു ഉപയോഗവും ഇല്ല. എന്നാൽ ഇന്ന്, തുറന്ന കൈകളോടുകൂടെ ജീവിക്കുവാനും നമുക്കള്ളതിനെ അനേകർക്ക് പ്രയോജനപ്പെടുത്തുവാനുമുള്ള ഒരു തീരുമാനം എടുക്കാമോ? എന്നാൽ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ അളവില്ലാതെ ഇനിയും താങ്കള്‍ അനുഭവിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒരു തുറന്ന കൈയ്യുമായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അത് എനിക്കും മറ്റുള്ളവർക്കും പ്രയോജനമാകുവാൻ സഹായിക്കേണമേ. ആമേൻ