Uncategorized

“ഒരു ദൈവ മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നു”

വചനം

ലൂക്കോസ് 1 : 80

പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.

നിരീക്ഷണം

സ്നാപക യോഹന്നാനെക്കുറിച്ചുളള ചെറു വിവരണമാണ് നാം ഈ വചനത്തിൽ കാണുന്നത്. സ്നാപക യോഹന്നാന്റെ ജനനസമയത്ത്  അവന്റെ മാതാപിതാക്കള്‍ വളരെ പ്രായമുള്ളവരായിരുന്നു. ഏറെ നാളത്തെ മാതാപിതാക്കളുടെ പ്രാർത്ഥനയുടെയും, കാത്തിരിപ്പിന്റെയും ഫലമായിട്ടാണ് സ്നാപക യോഹന്നാൻ ജനിക്കുന്നത്. യേഹന്നാൻ വളർന്നത് മരുഭൂമിയിലായിരുന്നു ആ സമയത്ത് അവൻ ആത്മാവിൽ ബലപ്പെട്ടു എന്ന് വചനത്തിൽ നാം കാണുന്നു. യോഹന്നാൽ തന്റെ പരസ്യ ശിശ്രൂഷ ആരംഭിച്ചപ്പോള്‍ അവൻ ദൈവീക കാര്യങ്ങളിൽ പൂർണ്ണതയുള്ളവനായിരുന്നു. വചനത്തിലെ ഏറ്റവും ഒടുവിലത്തെ പ്രവാചകനായി കണക്കാക്കാവുന്ന സ്നാപക യോഹന്നാൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യൻ തന്നെ ആയിരുന്നു.

പ്രായോഗീകം

സ്നാപക യോഹന്നാൻ വളർന്നു വന്നത് ഒരു ഏകാന്തതയിൽ ആയിരുന്നു വെന്ന് അനുമാനിക്കാം. അവന്റെ മാതാപിതാക്കള്‍ വളരെ പ്രായമുള്ളവരായിരുന്നു മാത്രമല്ല അവർ ജീവച്ചിരുന്നത് ഒരുപക്ഷെ ഗ്രാമത്തിന്റെ ഉള്‍പ്രദേശങ്ങളിൽ ആയിരുന്നിരിക്കാം. അതുകൊണ്ട് തന്നെ ലോകത്തിന്റെ ബാഹ്യ സ്വാധീനങ്ങളൊന്നും തന്റെ ജീവിത്തിൽ കടന്നുവരുവാൻ സാധ്യതയില്ല. കാരണം അവന്റെ ജീവിത രീതി വ്യത്യസ്ഥമായിരുന്നു, അവന്റെ വസ്ത്രം ഒട്ടകരോമം കൊണ്ടുള്ളതും അവന്റെ ഭക്ഷണം വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. താൻ ആയിരുന്ന മരുഭൂമിയിൽ യോഹന്നാൻ ദൈവവുമായി നല്ലൊരു ബന്ധം പുലർത്തി. അവൻ പ്രസംഗിക്കാൻ എത്തിയപ്പോള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കുന്നു ആകയാൽ മാനസാന്തരപ്പെടുക. ദൈവം തനിക്കുവേണ്ടി ഒരു മനുഷ്യനെ ഒരുക്കിയെടുക്കുന്നത് ചിലപ്പോള്‍ ശാന്തവും ഏകാന്തവുമായ സ്ഥലങ്ങളിൽ വച്ചായിരിക്കും എന്ന് നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കുവാൻ സാധിക്കും. അവൻ മരുഭൂമിയിൽ പ്രാർത്ഥനയിൽ ദൈവത്തോടുകൂടെ ആയിരുന്നു. ആയതുകൊണ്ട് യോഹന്നാൻ സ്നാപകൻ പ്രലോഭനങ്ങളിൽ വിധേയനാകാത്ത വിധത്തിൽ ജീവിച്ചു. ദൈവം തന്നെ മരുഭൂമിയിൽ വച്ച് അവനെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ടാവും. യോഹന്നാൻ സ്നാപകൻ രക്തസാക്ഷി മരണം വരിക്കുന്നതുവരെയും താൻ ദൈവത്തിന്റെ വചനപ്രകാരം ജീവിച്ചു. ഏകാന്തതയിൽ യേശുവിനോപ്പം സമയം ചിലവഴിക്കുവാൻ കഴിയുന്നു വെങ്കിൽ ഏകാന്തത ഒരു മോശം കാര്യം അല്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ അങ്ങയുടെ രൂപത്തിലും ഭാവത്തിലും ആയിതീരുവാൻ അങ്ങ് എനിക്കുനൽകുന്ന എല്ലാ ഏകാന്തതയുടെ നിമിഷങ്ങളും സ്വീകരിക്കുവാൻ ഞാൻ തയ്യാറാണ്. മറ്റുള്ളവരെ കണ്ട് അനുകരിക്കുന്നതല്ല, പകരം ഏകാന്തതയിൽ അങ്ങയോടൊപ്പം ആയിരിന്ന് ഒരു പുതിയ അഭിഷേകം പ്രാപിക്കുവാൻ  എന്നെ സഹായിക്കേണമേ. ആമേൻ