Uncategorized

“ദൈവ സാന്നിധ്യത്തിൽ കുമ്പിടുന്നു”

വചനം

യെഹേസ്ക്കേൽ 44 : 4

പിന്നെ അവൻ എന്നെ വടക്കെ ഗോപുരംവഴിയായി ആലയത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.

നിരീക്ഷണം

യെഹേസ്കേൽ തന്റെ ദർശനത്തിൽ ദൈവത്തിന്റെ ആലയത്തെയും പുരോഹിതന്മാരേയും  അതിലെ ജനത്തെയും നശിപ്പിക്കുന്ന ദർശനങ്ങളാണ് ഇതുവരെയും കണ്ടത്. എന്നാൽ ദർശനം അവസാനിക്കുമ്പോള്‍ അതിന്റെയെല്ലാം ഭാവി പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ഒരു ദർശനം ഇവിടെ ദൈവം പ്രവാചകനെ കാണിക്കുന്നു. ഈ പ്രവചന നിവൃത്തി അതിന്റെ പൂർണ്ണതയിൽ വെളിപ്പെടുവാൻ പോകുന്നതേയുള്ളു എന്ന് നാം വിശ്വസിക്കുന്നു. എങ്കിലും ഇവിടെ യഹോവയുടെ മഹത്വം ആലയത്തിൽ നിറയുന്നത് ദർശനത്തിൽ കണ്ട യെഹേസ്ക്കേലിന് നേരെ നിൽക്കുവാൻ സാധിച്ചില്ല എന്നാതണ് സത്യം. പ്രവാചകൻ യഹോവയുടെ തേജസ്സിന്റെ മുമ്പിൽ സാഷ്ടാഗം വീണ് നമസ്ക്കരിച്ചു.

പ്രായോഗീകം

നാം ദൈവ സാന്നിധ്യത്തിൽ സാഷ്ടഗം വിണ് നമസ്ക്കരിക്കാറുണ്ടോ എന്ന് നമ്മെതന്നെ ശോധന ചെയ്യേണം. പലപ്പോഴും ഇല്ല എന്ന ഉത്തരമായിരിക്കും നമുക്ക് നൽകുവാൻ കഴിയുന്നത്. നാം വഹിക്കുന്ന സ്ഥാനങ്ങളും മാനങ്ങളും പലപ്പോഴും അതിൽ നിന്നും നമ്മെ പന്തിരിപ്പിക്കാം. വ്യക്തിപരമായ പ്രാർത്ഥനകളിലോ ദൈവാലയത്തിലോ ദൈവ സാന്നിധ്യം അനുഭവിച്ചപ്പോള്‍ വീണ് നമസ്ക്കരിച്ചിവർ ഉണ്ടായിരിക്കാം. എന്നാൽ അവരോട് ചോദിച്ചാൽ മനസ്സിലാകും ആ അനുഭവം വിവരിക്കുവാൻ പ്രയാസമാണ്. നമ്മുടെ സൃഷ്ടാവായ ദൈവത്തിലുള്ള പുർണ്ണമായ ആശ്രയത്തെയാണ് കാണിക്കുന്നത്. ഒരു പക്ഷേ ജീവിതത്തിൽ പല പ്രവൃത്തികളിലും നാം ഏർപ്പെട്ടു എന്നിരിക്കാം എങ്കിലും ദൈവത്തെ പൂർണ്ണമായി അനുസരിക്കുവാനും നിരന്തരമായി ദൈവ സാന്നിധ്യം അനുഭവിച്ചുകൊണ്ടിരിക്കുവാനും നാം ശ്രദ്ധിക്കണം. ഈ ലോക മനുഷ്യരുടെ മുന്നിൽ വണങ്ങി നിൽക്കുന്നതിലും എത്രയോ ശ്രേഷ്ടമാണ് ഈ ദൈവസാന്നിധ്യത്തിൽ സാഷ്ടഗം വിണ് അവനെ നമസ്ക്കരിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യം അനുഭവിപ്പാനും അങ്ങയുടെ മുമ്പാകെ സാഷ്ടാംഗം വീണ് നമസ്ക്കരിക്കുവാനും തന്ന ഭാഗ്യത്തിനായി നന്ദി പറയുന്നു. തുടർന്നും എന്റെ ജീവ കാലമൊക്കെയും അങ്ങയുടെ സാന്നിധ്യം അനുഭവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ