Uncategorized

“നന്മ ചെയ്തുകൊണ്ട് വിഡ്ഢികളെ നിശബ്ദമാക്കുക”

വചനം

1 പത്രോസ് 2 : 15

നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.

നിരീക്ഷണം

വിശ്വാസികളോട് വിശുദ്ധ പത്രോസ് നൽകുന്ന ഉപദേശമാണ് നന്മ ചെയ്തുകൊണ്ട് ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കുക എന്നത്.

പ്രായോഗികം

ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം നിമിത്തം നിങ്ങളെ ആരെങ്കിലും പരിഹസിച്ചിട്ടുണ്ടോ? തീർച്ചയായും അങ്ങനെ ഉണ്ടാകാം. അതിന് നമുക്ക് അങ്ങനെയുള്ളവരുടെ അടുക്കൽ ചെന്ന് ദൈവ വചനത്തിലെ സത്യങ്ങൾ ദീർഘനേര സംഭാഷണത്തിലൂടെ അവർക്ക് വ്യക്തമാക്കിക്കൊടുക്കുവാൻ കഴിയും. പക്ഷേ, പത്രോസ് അപ്പോസ്ഥലന്റെ “നല്ലതുമാത്രം ചെയ്യുക” എന്ന നിർദ്ദേശം അതിനെക്കാൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടും എന്നത് ഉറപ്പാണ്. അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ, (മത്തായി 5:16). ഇക്കാര്യം യേശുക്രിസ്തു ആദ്യം പറയുകയും അതിന്റെ പിന്നാലെ പത്രോസ് അപ്പോസ്ഥലൻ ആവർത്തിച്ച് പറയുകയും ചെയ്തതുകൊണ്ട് യേശുക്രിസ്തുവിനെ പിൻതുടരുന്ന നാം അനുവർത്തിക്കേണ്ട ഏക മാർഗ്ഗം നന്മ ചെയ്തുകൊണ്ട് വിഡ്ഢികളെ നിശബ്ദമാക്കുക എന്നതുമാത്രമാണ്.  

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരോട് മറുപടി പറയാതെ  നന്മ പ്രവർത്തിച്ചുകൊണ്ട് അവരെ മിണ്ടാതാക്കുവാനുള്ള കൃപ എനിക്ക് നൽകുമാറാകേണമേ. ആമേൻ