Uncategorized

“ജീവിതത്തിൽ സന്തുഷ്ടരാണോ?

വചനം

സംഖ്യാപുസ്തകം 11 :  4

“പിന്നെ അവരുടെ ഇടയിലുളള സമ്മിശ്ര ജാതി ദുരാഗ്രഹികളായി, യിസ്രായേൽ മക്കളും വീണ്ടും കരഞ്ഞു കൊണ്ടു, ഞങ്ങള്‍ക്കു തിന്മാൻ ഇറച്ചി ആർ തരും?”

നിരീക്ഷണം

മിസ്രയീമ്യ അടിമത്വത്തിൽ നിന്നും വിടുവിക്കപ്പെട്ടു പുറത്തുവന്ന യിസ്രായേൽമക്കള്‍ യഹോവക്കെതിരായി പിറുപിറുത്ത വാക്കുകളാണ് ഇവിടെ കാണുന്നത്.  ഫറവോന്റെ അടിമത്വത്തിൽ നിന്നും തങ്ങളെ വിടുവിച്ച് പുറത്തുകെണ്ടുവന്നു, മരുഭൂമിയിൽ അവരുടെ പിതാക്കന്മാർ കണ്ടിട്ടില്ലാത്ത മന്ന നൽകി അവരെ പോഷിപ്പിച്ച ദൈവത്തോട് നന്ദിയുളളവരായിരിക്കേണ്ടതിനു പകരം അവർ പിറുപിറുക്കുവാനും പരാതി പറയുവാനും തുടങ്ങി.  ദൈവം നമുക്ക് നൽകിയിരിക്കുന്ന ഈ ജീവിതത്തിൽ നാം എത്രമാത്രം സന്തുഷ്ടരാണ് എന്ന ചോദ്യം സ്വയം ചോദിക്കേണ്ട സമയമാണിത്.

പ്രായോഗികം

ദൈവത്തിൽ നിന്നും അനേകം നന്മകളും അനുഗ്രഹങ്ങളും പ്രാപിച്ചവരാണ് നാം എന്ന സത്യം മറന്നുപോകരുത്. ജീവിതത്തിൽ പല പ്രയാസങ്ങള്‍ നാം അഭിമുഖീകരിക്കാറുണ്ട് എങ്കിലും ലോകത്തിന്റെ പല ഇടങ്ങളിലും കർത്താവിനെ അനുഗമിക്കുന്ന നമ്മുടെ സഹവിശ്വാസികള്‍ അനുഭവിക്കുന്ന പീഡകളും കഷ്ടതകളുമായി അവയെ തുലനം ചെയ്താൽ അവ ഏതുമില്ല.  ദൈവത്തിൽ നിന്നുളള നന്മകള്‍ അനുഭവിക്കുന്ന അവസരത്തിൽ തന്നെ പല സന്ദർഭങ്ങളിലും നാം ദൈവത്തോട് പരാതിപ്പെടുന്നവർ അയിത്തീരുന്നു. ഈ ലോകത്തിൽ നമുക്ക് കഷ്ടതയുണ്ട് എന്നത് സത്യമാണെങ്കിലും നമ്മെ പിശാചിന്റെ അടിമ നുകത്തിൽ നിന്നു വിടുവിച്ച് തന്റെ പുത്രന്റെ രാജ്യത്തിൽ ആക്കിയ ദൈവ സ്നേഹം ഓർക്കുമ്പോള്‍ നമുക്ക് എങ്ങനെ അസന്തുഷ്ടരാകുവാൻ കഴിയും?  യിസ്രായേൽ മക്കള്‍ക്ക് ദൈവം ഇറച്ചി നൽകി അവരുടെ പ്രശ്നത്തെ പരിഹരിച്ചു എങ്കിലും സിംഹഭാഗം ജനങ്ങളും മരുഭൂമിയിൽ പട്ടുപോയി.  എന്നാൽ നമുക്ക് നമ്മുടെ അസന്തുഷ്ടിയും നന്ദികേടും ഉപേക്ഷിച്ച് നന്ദിയുളള ഹൃദയത്തോടെ ജീവിക്കുവാൻ തീരുമാനിക്കാം.

പ്രാര്‍ത്ഥന

പ്രീയ യേശുവേ,

അവിടുന്ന് എന്നെ രക്ഷിച്ചതിനും എന്റെ ജീവിതം പൂർണ്ണമാക്കിയതിനും ഇന്ന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് ചെയ്ത നന്മള്‍ ഒരിക്കലും മറക്കാതെ അവയോർത്ത് എന്നും നന്ദിയോടെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ.” ആമേൻ