Uncategorized

“പ്രശ്നങ്ങളുടെ നടുവിൽ ആണോ താങ്കൾ?”

വചനം

സങ്കീർത്തനം 138 : 7

ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും.

നിരീക്ഷണം

മഹാനായ ദാവീദ് രാജാവിന് പറയുവാനുള്ളത് തന്റെ ദൈവമായ യഹോവ ഏതു സാഹചര്യത്തിലും എല്ലാ സമയത്തും തന്നോടൊപ്പം ഉണ്ട് എന്നതാണ്. മാത്രമല്ല താൻ പല പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോഴും യഹോവയായ ദൈവം തന്റെ ജീവനെ കാത്തുസൂക്ഷിക്കുകയും ആ പ്രശ്നത്തിന്റെ നടുവിലൂടെ കടന്ന് വിജയം കൈവരിക്കുവാൻ സഹായിക്കുകയും ചെയ്തു എന്ന് ഉറപ്പിച്ചു പറയുന്നു.

പ്രായോഗികം

ദാവീദ് രാജാവ് അനുഭവിച്ചതിനെക്കാൾ പ്രശ്നങ്ങൾ ഭൂമിയിൽ വളരെ ചുരുക്കം ആളുകൾ മാത്രമേ അനുഭവിച്ചുകാണുകയുള്ളൂ. പല സന്ദർഭങ്ങളിലും ദാവീദ് രാജാവിന് മുന്നോട്ട് പോകുവാൻ വഴയില്ലാതെ തകർന്നിരുന്ന സാഹചര്യങ്ങളിൽ ദൈവം അതിന്റെ നടുവിലൂടെ ഒരു വഴികാണിച്ച് പ്രശ്നങ്ങളെ അതിജീവിക്കുവാൻ സഹായിച്ചുട്ടുണ്ട്. ചരിത്രത്തിലെ ഒരു “അഭിനയ വീരൻ” ദാവിദ് രാജാവാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല, കാരണം താൻ രക്ഷപ്പെടുകയില്ലെന്ന് വചനം വായിക്കുമ്പോൾ സമുക്ക് തോന്നുന്ന സാഹചര്യങ്ങളിലും അടുത്ത വാക്യം വായിക്കുമ്പോൾ തന്നെ ദൈവം രക്ഷപ്പെടുത്തുന്നത് കാണുവാൻ കഴിയും. അത്രത്തോളം ദൈവീക പ്രവർത്തി അനുഭവിച്ച വ്യക്തിയാണ് ദാവീദ് രാജാവ്. അങ്ങനെയെങ്കിൽ അത് താങ്കളെ എങ്ങനെ ബാധിക്കുന്നു? ഒരു കാര്യം ഓർക്കുക അന്ന് ദൈവം ദാവീദിനുവേണ്ടി ചെയ്തുവെങ്കിൽ ഇന്ന് നിങ്ങൾക്കുവേണ്ടിയും ചെയ്യുവാൻ ദൈവത്തിന് കഴിയും. വിശ്വസിച്ചുകൊണ്ട് കർത്താവായ യേശുക്രിസ്തുവിനോട് തങ്ങളുടെ പ്രശ്നങ്ങളെ ഏറ്റു പറയുക. നാം യേശുവിൽ ആശ്രയിക്കുന്നുവെങ്കിൽ നമുക്ക് പ്രശ്നങ്ങളിൽനിന്ന് പുറത്തു വരുവാൻ ദൈവം നമ്മെ സഹായിക്കും. ഇന്ന് വിഷമിക്കുന്ന ഏതു പ്രശ്നത്തെയും അതിജീവിച്ചുകൊണ്ട് ദാവീദ് രാജാവിനെ പോലെ നമുക്കും ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഇടയാകുന്ന സാഹചര്യങ്ങളെ തന്ന് ദൈവം നമ്മെ അനുഗ്രഹിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത സാചര്യങ്ങളിൽ കടന്നുവന്ന എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യുവാൻ ഇതുവരെ അങ്ങ് എന്നോട് കൂടെ ഇരുന്നതിനായി നന്ദി. തുടർന്നും അങ്ങ് എപ്പോഴും എന്നോടൊപ്പം ഇരുന്ന് എന്റ ജീവിതത്തെ സഹായിക്കേണമേ. ആമേൻ