Uncategorized

“മനശ്ശെ രക്ഷിക്കപ്പെട്ടു”

വചനം

2 ദിനവൃത്താന്തം 33 : 15

അവൻ യഹോവയുടെ ആലയത്തിൽനിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകല ബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞു കളഞ്ഞു.  

നിരീക്ഷണം

മനശ്ശെ യിസ്രായേൽ രാജാക്കന്മാരിൽവച്ച് യഹോവയ്ക്ക് എറ്റവും അനിഷ്ടമായതു ചെയ്ത രാജാവായിരുന്നു. താൻ അൻപത്തിയഞ്ചു വർഷം യഹൂദായുടെ രാജാവായി ഭരണം ചെയ്തു.  മനശ്ശെ ഒരു നികൃഷ്ടമനുഷ്യനും ബാലിനെപ്പോലുളള അന്യ ദൈവങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ പണിതു കൊടുക്കുകയും മന്ത്രവാദികളോട് ആലോചന ചോദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അന്യദേവന്മാരുടെ പ്രസാദം ലഭിക്കേണ്ടതിന് തന്റെ മക്കളെ നരബലിയായി തീയിൽ ദഹിപ്പിച്ചു. എന്നാൽ ആ കാലഘട്ടത്തിൽ യഹോവ അശ്ശൂർ രാജാവിന്റെ സേനാധിപതിമാരെ അവന്റെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി. അവിടെ വച്ച് തന്റെ കഷ്ടത്തിൽ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോട് പ്രാർത്ഥിച്ചു. അപ്പോള്‍ ദൈവം തന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും തന്റെ രാജത്വത്തിലേക്ക് തിരിച്ചു വരുത്തി; യഹോവ തന്നേ ദൈവം എന്നു മനശ്ശെക്കു ബോധ്യമായി. അതിനുശേഷം മനശ്ശെ തന്റെ  ദൈവത്തിന്റെ മുൻപാകെ നീതിമാനായി തീരുകയും നീതി പ്രവർത്തിക്കുകയും ചെയ്തു.  ഇപ്രകാരം പുതിയ നിയമത്തിൽ സംഭവിച്ചു എങ്കിൽ മനശ്ശെ മാനസാന്തരപ്പെട്ടു എന്ന് തന്നെ പറയുവാൻ സാധിക്കും.

പ്രായോഗീകം

തിരുവചനം പരിശോധിച്ചാൽ മനശ്ശെ പലരെയും കൊന്ന രക്തം യെരുശലേമിൽ ഒഴുകിയതായി കാണാം.  (2 രാജ. 21:16) എങ്കിലും ദൈവം മനശ്ശെയോട് ക്ഷമിച്ചു എന്ന് നാം വായിക്കുന്നു.  എന്നാൽ ഇവിടെ പ്രസക്തമായ ഒരു ചോദ്യം  ഇത്രയും ക്രൂരനായ മനശ്ശെയോട് ദൈവം ക്ഷമിച്ചു എങ്കിൽ എന്തുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളോട് സ്വയം ക്ഷമിക്കുവാൻ കഴിയുന്നില്ല? നമ്മുടെ പാപങ്ങളെയും പരാജയങ്ങളെയും ക്ഷമിക്കുവാൻ ദൈവം തയ്യാറാണ് എന്നാൽ നാം സ്വയം ക്ഷമിക്കുവാൻ തയ്യാറാകുന്നില്ല.  മനശ്ശെയുടെ തെറ്റുകളെ ദൈവം ക്ഷമിച്ചുവെങ്കിൽ നിങ്ങളുടെ തെറ്റുകളെയും ദൈവം ക്ഷമിക്കും.  നിങ്ങളുടെ പാപത്തിന്റെയും പരാജയത്തിന്റെയും പേരിൽ ദൈവത്തെയോ, മനുഷ്യനേയോ പഴിക്കാതെ ദൈവത്തോട് ക്ഷമ ചോദിച്ച് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷിച്ചാൽ തീർച്ചയായും ദൈവം ക്ഷമിക്കുകയും നിങ്ങള്‍ക്കും മാനസാന്തരം വന്ന വ്യക്തിയായി ദൈവത്തെ പ്രസാധിപ്പിക്കുന്നവനായി മാറ്റപ്പെടുവാൻ സാധിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ അതിക്രമങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും എനിക്ക് മേചനം നൽകിയതിനായി നന്ദി പറയുന്നു.  അവിടുന്ന് ഇന്ന് ഈ ചിന്തകള്‍ വായിക്കുന്ന എന്റെ സുഹൃത്ത്, തന്റെ പാപങ്ങളെ ഏറ്റു പറയുമ്പോള്‍ തെറ്റുകളെ ക്ഷമിച്ച് മാനസാന്തരത്തിന്റെ അനുഭവത്തിലേയ്ക്കും അങ്ങയുടെ മക്കളാക്കിയും മാറ്റേണമേയെന്ന് അപേക്ഷിക്കുന്നു. ആമേൻ