Uncategorized

“മിണ്ടാതിരിക്കുക”

വചനം

സെഫന്യാവ് 1 : 7

യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.

നിരീക്ഷണം

യഹോവയായ ദൈവത്തിൽ നിന്ന് അകന്ന ദൈവ ജനത്തിന് വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് ഈ വചനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.  സകലത്തിന്റെയും പരമാധികാരിയായ ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കുക എന്നതാണ് മിണ്ടാതിരിക്കുക എന്നുതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രായോഗികം

നമുക്ക് ഇത് നമ്മുടെ ഇന്നത്തെ കാലത്തോട് ചേർന്ന് ചിന്തിക്കാം. “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ‍; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.” എന്ന് യെശയ്യാ 55:6 ൽ നമുക്ക് കാണുവാൻ കഴിയും.  കൂടാതെ യിരമ്യാവ് 33:3 ൽ “എന്നെ വിളിച്ച് അപേക്ഷിക്ക, ഞാൻ നിനക്ക് ഉത്തരം അരുളും” എന്നും കാണുന്നു. അതുകൊണ്ട് പ്രാർത്ഥനയിൽ ദൈവത്തോട് സംസാരിക്കുന്നതിന് തിരുവെഴുത്തിൽ കൃത്യമായ ഒരു മാതൃക ഉണ്ട്. എന്നാൽ “മിണ്ടാതിരിക്കുക” എന്ന് പറഞ്ഞ സാഹചര്യങ്ങളും നമുക്ക് കാണുവാൻ കഴിയും.  ചിലപ്പോൾ നമുക്ക് യേശുവിനോടെപ്പം മിണ്ടാതെ ഇരുന്ന് സമയം ചിലവഴിക്കുന്നതായിരിക്കും ഏറ്റവും മനോഹരമായ സമയം. യേശുവിന്റെ സന്നിധിയിൽ വന്നിട്ട് മിണ്ടാതിരിക്കുന്നത് ദൈവം നമ്മുടെ പ്രവൃത്തികളിൽ എപ്പോഴും അസ്വസ്ഥനായതുകൊണ്ടല്ല.  എന്നാൽ നാം ദൈവത്തോടൊപ്പം ഏകാന്തതയിലായിരിക്കുമ്പോൾ ദൈവത്തിന്റെ മഹത്വം അത്ഭുതകരമായി കാണുവാൻ കഴിയുന്നു. ആയതുകൊണ്ട് ചിലസമയങ്ങളിൽ ദൈവത്തിന്റെ മുമ്പാകെ മിണ്ടാതിരുന്ന് ദൈവത്തിന്റെ മനോഹരത്വം നമുക്ക് ദർശിക്കുവാൻ ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സന്നിധിയിൽ വന്ന് മിണ്ടാതിരുന്ന് അങ്ങയുടെ മനോഹരത്വം ദർശിക്കുവാനും അങ്ങയെ രുചിച്ച് അറിയുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ