Uncategorized

“യേശു എപ്പോഴും എന്റെ കൂടെയണ്ട്”

വചനം

ഇയ്യോബ് 16 : 19

ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.

നിരീക്ഷണം

ഇയ്യോബ് തന്റെ കഷ്ടപ്പാടിന്റെ ആധിക്കത്തിലൂടെ കടന്നുപോകുമ്പോൾ അവനെ ആശ്വസിപ്പിക്കുവാൻ വന്ന തന്റെ സുഹൃത്തുക്കൾ ഇയ്യോബിന്റെ അവസ്ഥയെകണ്ട് ആശ്വസിപ്പിക്കുന്നതിനു പകരം അവനെ നോക്കി തത്വചിന്തയിലൂടെ സംസാരിക്കുവാൻ തുടങ്ങി. എലീഫസ് എന്ന സുഹൃത്ത് ഇയ്യോബ് ആത്മീയ കാപട്യം കാണിച്ചതുകൊണ്ടാണ് ദൈവം തന്നേട് ഇങ്ങനെ ചെയ്തതെന്ന് ആരോപിച്ചു. അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത് എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു എന്നാണ്.

പ്രായോഗികം

നമ്മുടെ സ്വർഗ്ഗീയ ജാമ്യക്കാരൻ നമ്മുടെ ജ്യേഷ്ഠ സഹോദരനായ കർത്താവായ യേശുക്രിസ്തുവാണ്. നാം ആരും സംപൂർണ്ണരല്ല എന്നാൽ കർത്താവ് നോക്കുന്നത് എപ്പോഴും നമ്മുടെ ഹൃദയത്തെയാണ്. ദാവീദ് തന്റെ മാനുഷീക സ്വഭാവത്തിൽ ഒരു വ്യഭിചാരിയും കൊലപാതകിയും ആയിരുന്നെങ്കിലും താൻ തന്റെ തെറ്റ് ഏറ്റു പറഞ്ഞ് ഉപേക്ഷിച്ചപ്പോൾ ദൈവം അവനെക്കുറിച്ച് പറഞ്ഞത് “എന്റെ സ്വന്തം ഹൃദയപ്രകാരം ഉള്ള മനുഷ്യൻ” എന്നാണ്. അതുകൊണ്ടാണ് ഇയ്യോബ് തന്റെ സൃഹത്തുക്കളോട് പറഞ്ഞത് നിങ്ങൾക്ക് എന്നെ ദിവസം മുഴുവൻ ഇരുന്ന് കുറ്റം പറയാം എന്നാൽ എന്റെ ഹൃദയത്തെയും, ഹൃദയത്തിലെ ഉദ്ദേശങ്ങളെയും, രഹസ്യജീവിതത്തെയും വ്യക്തമായി അറിയുന്നത് എന്റെ ഉയരത്തിലെ ദൈവം മാത്രം ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവം മാത്രമേ എന്റെ ഹൃദയത്തെ നന്നായി അറിയുകയുള്ളൂ. നമ്മെക്കുറിച്ചും മറ്റുള്ളവർ തെറ്റായി ആരോപിക്കുമ്പോൾ നമുക്ക് പറയുവാൻ കഴിയണം  എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു എന്ന്. ആയതുകൊണ്ട് ആരെങ്കിലും താങ്കളെ തെറ്റായി വ്യഖ്യാനിച്ചതുകൊണ്ട് ഭാരപ്പെടേണ്ട ഇയ്യോബിനെപ്പോലെ സന്തോഷത്തേടെ അതു സഹിച്ചാൽ നമ്മുടെ പ്രതിഫലം ഉയരത്തിലെ കർത്താവ് നമുക്ക് നൽകുക തന്നെ ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ഹൃദയത്തെ നന്നായി അറിയുന്നതിനായി സ്തോത്രം. എന്നെക്കുറിച്ച് തെറ്റായി പറയുമ്പോൾ ആങ്ങ് എന്നെ അറിയുന്നു എന്നതിൽ ആശ്വസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ