Uncategorized

“യേശു ക്ഷമിക്കുവാൻ ആഗ്രഹിക്കുന്നു”

വചനം

യോനാ 3 : 10

അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.

നിരീക്ഷണം

നാൽപ്പത് ദിവസത്തിനകം നിനവേ പട്ടണത്തിലെ സകല മനുഷ്യരേയും നശിപ്പിക്കുവാൻ പോകുന്നു എന്ന് ദൈവത്തിന്റെ അരുളപ്പാട് പ്രകാരം യോന തെരുവുതോറും പ്രസംഗിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആ മുന്നറിയിപ്പ് കേട്ട ഉടനെ മാനസാന്തരപ്പെട്ട് ദൈവത്തിലേയ്ക്ക് തിരിയുന്ന നിനവേക്കാരെക്കുറിച്ചാണ് ഈ വചനത്തിൽ പറയുന്നത്.

പ്രായോഗികം

നിനവേയിലെ ജനങ്ങള്‍ യോനയുടെ പ്രസംഗം കേട്ടപ്പോള്‍ തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിക്കുകയും, ഉപവസിക്കുകയും, പ്രാർത്ഥിക്കുകയും, ദൈവത്തിങ്കലേയ്ക്ക് മടങ്ങി വരുകയും ചെയ്തു. നിനവേയിലെ രാജാവ് പോലും സ്വയം താഴ്ത്തി പ്രാർത്ഥിച്ചു. നിനവേ പട്ടണത്തെ നശിപ്പിക്കും എന്ന് ദൈവം പറഞ്ഞ വാക്കിൽ നിന്ന് പന്തിരിയുകയും അവരോട് ക്ഷമിക്കുകയും ചെയ്തു. നിനവേ പോലുള്ള ഒരു മത്സര നഗരത്തോട് ദൈവം പൂർണ്ണമായും ക്ഷമിച്ചു എങ്കിൽ തീർച്ചയായും നാം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ദൈവത്തെ അന്വേഷിക്കുകയും ചെയ്താൽ അവൻ നമ്മോടും നമ്മുടെ കുറവുകളെ ക്ഷമിച്ച് നമ്മെ രക്ഷിക്കും. കാരണം ദൈവം എല്ലാവരും നിത്യ ജീവൻ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപത്തെ ക്ഷമിച്ച് എന്നെ വീണ്ടെടുത്തതിന് നന്ദി. ഇനി മുതൽ പാപം ചെയ്യാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ