Uncategorized

“വിശ്വാസം പ്രത്യാശ ഉളവാക്കുന്നു”

വചനം

അപ്പോ. പ്രവൃത്തികള്‍  27 : 34

“അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. അതു നിങ്ങളുടെ രക്ഷെക്കുളളതല്ലോ, നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമം പോലും നഷ്ടമാകില്ല നിശ്ചയം എന്നു പറഞ്ഞു”.

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് തന്നോടൊപ്പം കപ്പൽ യാത്രയിൽ കൂടെ ഉണ്ടായിരുന്ന 276 പുരുഷന്മാരെ തന്റെ വാക്കുകളാൽ ധൈര്യപ്പെടുത്തുന്ന വചന ശകലമാണിത്.  പതിനാലു ദിവസമായി കടലിലെ കൊടുങ്കാറ്റിൽപ്പെട്ട് ആടിയുലയുന്ന കപ്പലിൽ പ്രാണഭയത്തിൽ ആയിരുന്ന ഈ പുരുഷന്മാർ ആരും തന്നെ ആഹാരം കഴിച്ചിരുന്നില്ല. പൌലോസ് ആ വാക്കു പറയുന്നതിന്റെ തലേ രാത്രിയിൽ ദൈവത്തിന്റെ ദൂതൻ പൌലോസിനോട് ആർക്കും ഒരു ദോഷവും വരികയില്ല, നിന്നോടുകൂടെ യാത്ര ചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്ക് ദാനമായി തന്നിരിക്കുന്നുവെന്ന് അരുളി ചെയ്തു. ആ വാക്കുകള്‍ അല്പം പോലും അവിശ്വസിക്കാതെ അപ്പോസ്തലനായ പൌലോസ് ആ പുരുഷന്മാരോട് പറഞ്ഞു അവരെ ധൈര്യപ്പെടുത്തി.

പ്രായോഗികം

പൌലോസിന്റെ വാക്കുകള്‍ കേട്ട എല്ലാവരും ധൈര്യപ്പെട്ടു.  അവരെ ധൈര്യപ്പെടുത്തിയനത്തരം പൌലോസ് അപ്പമെടുത്ത് ദൈവത്തിന് സ്തോത്രം ചൊല്ലി നുറുക്കി ഭക്ഷിച്ചു തുടങ്ങി അപ്പോള്‍ എല്ലാവരും ധൈര്യപ്പെട്ട് ഭക്ഷണം കഴിച്ചു. പൌലോസിന്റെ വാക്കുകളിൽ അവർ അർപ്പിച്ച വിശ്വാസം അവരുടെ പ്രത്യാശയെ വർദ്ധിപ്പിച്ചു, അവരുടെ ഉളളങ്ങളിൽ പ്രതീക്ഷ നിറയുവാൻ ഇടയായി.  എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നവരുടെ ജീവിതങ്ങളിൽ പരിശിദ്ധാത്മാവ് വിശ്വാസം ഉളവാക്കുന്ന ദൈവ വചനം നൽകുകയും അവരെ നിരാശയിൽ നിന്ന് പ്രത്യാശയിലേക്ക് നടത്തുകയും ചെയ്യുന്നത് വേദപുസ്തകത്തിലുടനീളം കാണുവാൻ കഴിയും. അതുകൊണ്ടാണ് വിശ്വാസം പ്രത്യാശ ഉളവാക്കുന്നു എന്ന് വചനത്തിൽ പറഞ്ഞിരിക്കുന്നത്.

പ്രാര്‍ത്ഥന

പ്രീയ യേശുവേ,

“എന്റെ ഹൃദയത്തിൽ വിശ്വാസം നിറച്ചതിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് എനിക്കു നൽകിയിരിക്കുന്ന വിശ്വാസത്താൽ പ്രതിക്ഷ നശിച്ചിരിക്കുന്ന അനേകരെ പൂർണ്ണ പ്രത്യശയിലേക്ക് നയിക്കുവാൻ എന്നെ സഹായിക്കേണമേ.” ആമേൻ