Uncategorized

“ശരിക്കും സന്തോഷിക്കുവാൻ കഴിയുന്നുണ്ടോ?”

വചനം

യാക്കോബ് 1 : 2-3

എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ
നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞ് അതു അശേഷം സന്തോഷം എന്ന് എണ്ണുവിൻ.

നിരീക്ഷണം

യേശു ക്രിസ്തുവിന്റെ സ്വന്തം സഹോദരനായ യാക്കോബിന്റെ വാക്കുകളാണിത്.  ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങളെക്കുറിച്ചാണ് ഈ ലേഖനം എഴുതിയത്.  ആദിമ കാലഘട്ടത്തിൽ ക്രിസ്തു വിശ്വസികള്‍ക്ക് വളരെ അധികം കഷ്ടം സഹിക്കേണ്ടതായിവന്നു അത്തരം പരീക്ഷകളെ വിശ്വാസികള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അവരുടെ മനോഭാവം എങ്ങനെ ആയിരിക്കേണം എന്നതാണ് ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. വിശ്വാസത്തിന്റെ പരിശോധനകള്‍ വരുമ്പോള്‍ അത് സന്തോഷത്തോടെ സഹിക്കുക, കാരണം നിങ്ങളുടെ വിശ്വാസം പരിശോധിക്കപ്പെടുമ്പോഴെല്ലാം അത് ജീവിതത്തിൽ സ്ഥിരോത്സാഹം ഉളവാക്കുമെന്നത് ഉറപ്പാണ്.

പ്രായോഗികം

പരിശോധനകളിൽ സന്തോഷിക്കുക എന്നത് വളരെ പ്രയാസകരമാണ്. കഴിഞ്ഞകാലങ്ങളിൽ ജീവിതത്തിൽ വന്ന കഷ്ടതകളെക്കുറിച്ച് ഓർമ്മിച്ചാൽ, ആ കഷ്ടതകളിൽ പതറാതെ നിന്നതുകൊണ്ട് ജീവിതത്തിൽ സ്ഥിരോത്സാഹത്തെ ശക്തിപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ലേ?  കഷ്ടതയുടെ അവസരങ്ങളിൽ എന്തുകെണ്ട് ദൈവം ഇത് അനുവദിച്ചു എന്ന് സ്വന്തമായി വിലയിരുത്തുക. ഒരു ചെറിയ കഷ്ടം ജീവിതയാത്രയിലെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും എന്നാൽ അത് തരണം ചെയ്യുമ്പോള്‍ നന്മകള്‍ ഉറപ്പാണെന്നും തിരിച്ചറിയുക. അങ്ങനെ മുന്നേറിയാൽ ഓരോ പരിശോധനകളും ജീവിതത്തിൽ സ്ഥിരോത്സാഹം വർദ്ധിപ്പിക്കും എന്നതാണ് വാസ്തവം.  പരിശോധനകളിൽ പതറാതെ ഉറച്ചുനിന്ന് കർത്താവിന്റെ നാമത്തിനായി കഷ്ടം സഹിച്ചാൽ തീർച്ചയായും പ്രതിഫലം ലഭിക്കും. കഷ്ടം സഹിക്കുന്തോറും സന്തോഷിച്ചുകൊള്‍വിൻ എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വർദ്ധിച്ചു കൊണ്ടിരിക്കും.

പ്രാർത്ഥന

കർത്താവേ,

ജിവിത്തിലെ പരിശോധനകളിൽ ആകുലനാകാതെ സ്ഥിരോത്സാഹിയായി തീരുവാൻ എനിക്ക് കൃപ നൽകേണമേ.  പരിശോധനകളെ തരണം ചെയ്യുവാനുളള വിശ്വാസം അങ്ങ് നൽകേണമേ. ആമേൻ!