Uncategorized

“സ്വയം പുകഴരുത്”

വചനം

1 കൊരിന്ത്യർ 4 : 7

“നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുളളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു?

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് കൊരിന്തിലെ ആദ്യകാല സഭയ്ക്ക് എഴുതിയ ലേഖന ഭാഗമാണിത്. ഭാവിക്കേണ്ടുന്നതിനു മുകളിൽ ഭാവിച്ചുയരുന്ന അവരുടെ സ്വഭാവത്തെ പൌലോസ് ശക്തമായ ഭാഷയിൽ ഇവിടെ വിമർശിക്കുയാണ് ചെയ്യുന്നത്. സഭയിൽ ജനശ്രദ്ധനേടിയെടുക്കുവാൻ മത്സരിക്കുന്ന ചില ഉപദേശകന്മാരിൽ നിന്നുമാണ് ഈ സ്വഭാവം അവരിലേക്കും പകരപ്പെട്ടിരിക്കുന്നത്. എന്നാൽ പൌലോസ് അപ്പോസ്തലൻ ചോദിക്കുന്നു  നിങ്ങളുടെ പക്കൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ദൈവത്താൽ ലഭിച്ചതാണ് എങ്കിലും അവ ദൈവത്തിൽ നിന്നല്ല എന്നപോലെ നിങ്ങള്‍ പ്രവർത്തിക്കുന്നതെന്തുകൊണ്ട്?

പ്രായോഗികം

മത്സരികളായ, സ്വയം പുകഴ്ച്ചക്കാരായ സുവിശേഷ വേലക്കാരോട് വളരെ ശക്തമായി വിമർശനാത്മാവിൽ ഇടപെടുന്ന വാക്കുകളാണ് പൌലോസ് അപ്പോസ്തലന്റേത്. നാം മറ്റുളളവരെ സമീപിക്കുന്നത് അവരെക്കാള്‍ നാം മികച്ചവർ എന്ന മട്ടിലാണെങ്കിൽ, നമുക്ക് എങ്ങനെ മറ്റുളളവരെ സേവിക്കുവാൻ കഴിയും? തങ്ങള്‍ സ്വയം ആരൊക്കേയോ എത്തൊക്കേയോ ആണെന്ന ഭാവം ഉളള അനേകം പുരുഷന്മാരെയും സ്ത്രീകളെയും ക്രിസ്തീയ ഗോളത്തിൽ തന്നെ നമുക്ക് കാണുവാൻ കഴിയും. എന്നാൽ കർത്താവിന്റെ നാമം വിളച്ച് അപേക്ഷിക്കുന്ന നമുക്ക് ഓരോരുത്തർക്കും നിത്യതയിലെത്തിച്ചേരുവാൻ പരസ്പര സഹായം അനിവാര്യമാണ് എന്ന ഉറപ്പുണ്ടാവണം. ആയതിനാൽ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ സ്വയമായൊന്നും പുകഴുവാൻ നമുക്ക് ഇടവരരുത്.

പ്രാർത്ഥന

പ്രീയ യേശുവേ

അങ്ങയുടെ ക്രൂശിലല്ലാതെ മറ്റൊന്നിലും എനിക്ക് പ്രശംസിപ്പാൻ ഇടവരരുതേ.  അങ്ങയുടെ കാരുണ്യത്താലും സഹായത്താലും മാത്രമാണ് ഞാൻ ഇതുവരെ വന്നത് എന്ന് എപ്പോഴും ഓർത്ത് അങ്ങയെ മഹത്വപ്പെടുത്തുവാൻ എന്നെ സഹായിക്കേണമേ. ആമേൻ