Uncategorized

“ഹൃദയവാതിൽ അടച്ചിടേണ്ട സമയം”

വചനം

ലൂക്കോസ് 22 : 3

എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:

നിരീക്ഷണം

യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായ പന്ത്രണ്ടുപേരിൽ ഒരാളായിരുന്നു യൂദാസ് ഈസ്കറിയോത്ത്. അദ്ദേഹം വിശ്വാസ വഞ്ചനയ്ക്ക് തന്റെ ഹൃദയവാതിൽ തുറന്നിട്ടന്നതിന്റെ ഫലമാണ് യേശുവിനെ കാണിച്ചുകൊടുക്കുവാൻ തക്കവണ്ണം സാത്താൻ തന്റെ ഹൃദയത്തിൽ കടന്നത്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിൽ നടന്ന അത്ഭൂതങ്ങളും അടയാളങ്ങളും നിമിത്തം മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനങ്ങളെ ഭയപ്പെടുകയും പരസ്യമായി യേശുവിനെ പിടിക്കുവാൻ മടിക്കുകയും ചെയ്തു. യേശുവിനെ ഒറ്റിക്കൊടുക്കുവാൻ അവർക്ക് ആരെയെങ്കിലും വേണമായിരുന്നു.  സാത്താൻ പ്രവേശിക്കുന്നതിനായി തന്റെ ഹൃദയവാതിൽ തുറന്ന യൂദാസിനെ അവർ കണ്ടെത്തി.

പ്രായോഗികം

യേശുക്രിസ്തുവിന്റെയും മറ്റു ശിഷ്യന്മാരുടെയും പണ സഞ്ചി കാത്തു സൂക്ഷിച്ചിരുന്നത് യൂദാസ് ആയിരുന്നു. പണസഞ്ചിയിൽ വരുന്ന പണം തന്റെ സ്വന്തം എന്ന ഒരു തോന്നൽ യൂദാസിന് ഉണ്ടായി. യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നതിന് വളരെ മുമ്പ് തന്നെ യൂദാസ് തന്റെ ഹൃദയം സാത്താന് തുറന്നിട്ടിരുന്നതായി നമുക്ക് മനസ്സിലാക്കാം. മറിയ വിലയേറിയ തൈലം കൊണ്ട് യേശുവിന്റെ പാദം കഴുകിയപ്പോള്‍ ഈ വെറും ചിലവ് എന്തിന് എന്ന ചോദ്യം യൂദാസ് ഉന്നയിച്ചിരുന്നു. മാത്രമല്ല യൂദാസ് പണസഞ്ചിയിൽ വീഴുന്ന കശ് സ്വന്തമായി എടുക്കുകയും ചെയ്തിരുന്നു, അത് ശിഷ്യന്മാർക്ക് അറിയാമായിരുന്നു. എന്നാൽ അദ്ദേഹം മുപ്പത് വെള്ളികാശിന് ലേകരക്ഷിതാവിനെ വിറ്റു, കാരണം അവന്റെ ഹൃദയ വാതിൽ സാത്താനുവേണ്ടി തുറന്നിട്ടിരുന്നു. ആയതുകൊണ്ട് താങ്കളുടെ ഹൃദയ വാതിൽ അടക്കേണ്ട സമയത്ത് അടച്ചിടുക. പാപചിന്തകള്‍ക്കും, പാപം ചെയ്യുവാനും ഹൃദയവാതിൽ തുറക്കാതിരിക്കുക, ഹൃദയം ദൈവത്തിങ്കലേയ്ക്ക് തുറന്നിരിക്കട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയവാതിൽ പാപത്തിനും പാപ ചിന്തകള്‍ക്കും തുറക്കാതിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. സാത്താന് ഒരു രീതിയിലും എന്റെ ഹൃദയത്തിൽ ഇടം കൊടുക്കാതിരിക്കുവാനും ദൈവത്തിങ്കലേയ്ക്ക് ഹൃദയം തുറക്കുവാനും എന്നെ സഹായിക്കേണമേ. ആമേൻ