“എല്ലാം സ്വന്തമായാലുള്ള അപകടം”
വചനം
2 ദിനവൃത്തന്തം 26 : 16
എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
നിരീക്ഷണം
പതിനാറാം വയസ്സിൽ ഭരണം ആരംഭിക്കുകയും 52 വർഷം യിസ്രായേലിനെ ഭരിക്കുകയും ചെയ്ത ഉസ്സിയാ രാജാവിനെ നമുക്ക് ഈ അദ്ധ്യായത്തിൽ കാണുവാൻ കഴിയും. അദ്ദേഹത്തിന്റെ സൈന്യം തുടർച്ചയായി നേടിയ വിജയം തന്റെ കീർത്തി എല്ലായിടവും എത്തിക്കുവാൻ സഹായിച്ചു. എന്നാൽ എല്ലാ നേട്ടവും കൈവരിച്ചപ്പോൾ, അദ്ദേഹത്തിന്റെ അഹങ്കാരം തന്റെ പതനത്തിന് കാരണമായി തീർന്നു.
പ്രായോഗീകം
ആവശ്യത്തിനുള്ളത് മാത്രം സ്വന്തമാക്കി തൃപ്തിപ്പെടാതെ എല്ലാം സ്വന്തമാക്കുവാൻ ശ്രമിക്കുന്ന ഒരു പ്രവണത ഇന്നത്തെ പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്നത് നമുക്ക് കാണുവാൻ കഴിയും. ഉസ്സിയാ രാജാവ് വലീയ വിജയം കൈവരിച്ച ഒരു വ്യക്തിയായിരുന്നു. അദ്ദേഹം യഹോവയായ ദൈവത്തിന്റെ വാക്ക് അനുസരിച്ച കാലത്തോളം ദൈവം വിജയം നൽകി കൊടുത്തു എന്ന് തിരുവചനം വ്യക്തമാക്കുന്നു. എന്നാൽ കാലക്രമേണ, പ്രശസ്തി വർധിച്ചപ്പോൾ, “താൻ തന്നെ പുരോഹിത ശിശ്രൂഷയും ചെയ്യാമല്ലോ” എന്ന ചിന്ത തന്നെ ഭരിച്ചു. അങ്ങനെ, നിയമവിരുദ്ധമായി യഹോവയുടെ ആലയത്തിൽ പ്രവേശിച്ച്, യഹോവയുടെ മുമ്പിൽ ധൂപം കാട്ടുവാൻ അവൻ മുതിർന്നു. പുരോഹിതന്മർ അവനെ തടയുകയും, തുടർന്ന് കർത്താവ് അവനെ കുഷ്ഠരോഗത്താൽ ബാധിതനാക്കിത്തീർക്കുകയും ചെയ്തു. ഈ വിഷയത്തിൽ ദൈവത്തെ കുറ്റം പറയുവാൻ കഴിയുകയില്ല, എന്നാൽ കുറ്റം ചെയ്ത ആ രാജാവിനെയാണ് വിലയിരുത്തേണ്ടത്. എല്ലാം സ്വന്തമാക്കുവാനുള്ള ആഗ്രഹത്തിന് എപ്പോഴും വലിയൊരു അപകടസാധ്യത ഒളിഞ്ഞിരിപ്പുണ്ട്. കാരണം, അഹങ്കാരം നമ്മെ കീഴ്പ്പെടുത്തുമ്പോൾ, ഒരു കാര്യത്തിന് നമുക്ക് കഴിവുണ്ടെന്നതുകൊണ്ട് എല്ലാ കാര്യങ്ങളിലും കഴിവുണ്ടെന്ന് നമ്മെ വിശ്വസിപ്പിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എല്ലാം സ്വന്തമാക്കുവാനുള്ള ആഗ്രഹത്തിന് അപകടസാധ്യത ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കി അതിനെ ഒഴിഞ്ഞിരിപ്പാൻ എന്നെ സഹായിക്കേണമേ. ആമേൻ
